പത്തനംതിട്ട: ഒന്നാം പിണറായിസർക്കാരിന്റെ കാലത്ത് കെ.എസ്.ആർ.ടി.സി.യിൽ പെൻഷൻ മുടങ്ങിയതിനെതിരെ റോഡ് ഉപരോധിച്ച് സമരം ചെയ്ത എട്ട് സി.പി.എം, സി.ഐ.ടി.യു നേതാക്കളെ കോടതി ശിക്ഷിച്ചു. 2019 ൽ നടന്ന കേസിലാണ് സി.ജെ.എം കോടതി ഇന്നലെ വിധി പറഞ്ഞത്. 400 രൂപ വീതം പിഴയും കോടതി പിരിയും വരെ തടവുമായിരുന്നു ശിക്ഷ. നേതാക്കൾ പിഴ അടച്ച് ശിക്ഷയും അനുഭവിച്ചാണ് മടങ്ങിയത്.

പെൻഷൻ മുടങ്ങിയതിനെതിരെ കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ എന്ന സംഘടനയുടെ ഭാഗമായാണ് ഇവർ സെൻട്രൽ ജംഷനിൽ റോഡ് ഉപരോധിച്ചത്. ഗതാഗതം തടസപ്പെടുത്തിയതിന് അന്ന് പൊലീസ് കേസെടുത്തിരുന്നു.

സി.പി.എം പത്തനംതിട്ട ഏരിയാ കമ്മിറ്റിയംഗവും സി.ഐ.ടി.യു ഏരിയാ സെക്രട്ടിയുമായിരുന്ന എസ്. മീരാസാഹിബ്, സി.പി.എം നേതാവ് കെ.എൽ. മത്തായി, സി.ഐ.ടി.യു എരിയാ കമ്മിറ്റിയംഗം പി.ആർ.പുരുഷോത്തമൻ, സി.പി.എം ഏരിയാ കമ്മിറ്റിയംഗവും കർഷക സംഘം നേതാവുമായിരുന്ന പി. ഷംസുദ്ദീൻ, സി.പി.എം കോന്നി ഏരിയാ കമ്മിറ്റിയംഗം ഇ.കെ. ബാഹുലേയൻ, സി.പി.എം പന്തളം ഏരിയാ കമ്മിറ്റിയംഗവും സി.ഐ.ടി.യു ഏരിയാ സെക്രട്ടറിയുമായിരുന്ന വി.പി. രാജേശ്വരൻ നായർ എന്നിവരടക്കം എട്ടു പേരാണ് പ്രതികൾ. ഇതിൽ എസ്. മീരാസാഹിബ്, കെ.എൽ. മത്തായി എന്നിവർ വിചാരണയ്ക്കിടെ മരണപ്പെട്ടു.