ചെങ്ങന്നൂർ : മഹാദേവ ക്ഷേത്രത്തിലെ കാണിക്കവഞ്ചി തുറക്കാനെത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണറെയും ഉദ്യോഗസ്ഥരെയും ക്ഷേത്ര ഉപദേശകസമിതിയും ഭക്തജനങ്ങളും ചേർന്നു തടഞ്ഞു. ഇന്നലെ രാവിലെ 9.15ന് പത്തനംതിട്ടയിൽ നിന്നെത്തിയ ഡെപ്യൂട്ടി കമ്മിഷണർ ബി.സുനിൽ കുമാറിനെയും സംഘത്തെയുമാണ് തടഞ്ഞത്. ക്ഷേത്രത്തിൽ നിന്നുള്ള വരുമാനം എല്ലാ മാസവും എടുക്കുമ്പോഴും ക്ഷേത്രത്തിലെ ശോച്യാവസ്ഥയിൽ പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചാണ് വഞ്ചി തുറക്കുന്നത് തടഞ്ഞത്. നിരവധി തവണ നിവേദനം നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ വരുമാനം മാത്രം കൊണ്ടുപോകുന്നതിൽ ഉപദേശകസമിതിയും ഭക്തജനങ്ങളും പ്രതിഷേധിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്.വി.പ്രസാദ്, ജനറൽ സെക്രട്ടറി കെ.വിനോദ് കുമാർ, കൺവീനർ ഷൈജു വെളിയത്ത്, രതീഷ്, അഭിലാഷ്, ശശിധരൻ നായർ, ശ്രീദേവി ബാലകൃഷ്ണൻ, മനു കൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾ ഉൾപ്പെടെയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടർന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ ഇടപെട്ട് ചീഫ് എൻജിനിയറുമായി ചർച്ച നടത്തി. അടുത്ത മാസം കാണിക്കവഞ്ചി തുറക്കുന്നതിനു മുൻപായി ക്ഷേത്രത്തിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണാമെന്ന് ഉറപ്പ് നൽകി.
അടുത്ത മാസം കാണിക്കവഞ്ചി തുറക്കുന്നതിനു മുൻപായി ദേവസ്വം ബോർഡ് ഉറപ്പ് പാലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എസ്.വി. പ്രസാദ് പറഞ്ഞു.