ചെങ്ങന്നൂർ: സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് തെരുവ് നായ്ക്കൾക്ക് റാബിസ് വാക്‌സിനേഷൻ നൽകുന്ന പദ്ധതി ജെ.സി ഇന്റർ നാഷണലിന്റെ വനിതാ വിഭാഗമായ കോട്ടയം എയ്ഞ്ചൽ സിറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂരിൽ ആരംഭിച്ചതയി പ്രസിഡന്റ് അമ്മൂ സുദീപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനവും അവബോധന ക്ലാസും നഗരസഭ അദ്ധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ് നിർവഹിച്ചു. നിലവിലെ നിയമമനുസരിച്ച് തെരുവുനായ്ക്കളുടെ വംശ വർദ്ധനവ് നിയന്ത്രിക്കുന്നതിന് പരിമിതികൾ ഏറെയാണെന്ന് അമ്മു സുധീപ് പറഞ്ഞു. ഇക്കാരണത്താലാണ് പേവിഷബാധ നിയന്ത്രിക്കുന്നതിനുളള പദ്ധതികളുമായി ജെ.സി.ഐ മുന്നിട്ടിറങ്ങുന്നത്. ഞായറാഴ്ച ദിവസങ്ങളിലാണ് വാക്‌സിനേഷൻ നൽകുന്നത്. നഗരത്തിലെ 100ലധികം നായ്ക്കൾക്ക് പദ്ധതിയുടെ ഭാഗമായി വാക്‌സിനേഷൻ നൽകുമെന്നും ഇവർ പറഞ്ഞു. വൈസ് പ്രസിഡന്റ് രമ്യാ കെ.തോപ്പിൽ, പ്രോഗ്രാം ഡയറക്ടർ സുജാ സോണി എന്നിവർ പങ്കെടുത്തു.