പത്തനംതിട്ട: ഇക്കഴിഞ്ഞ 11ന് പന്തളം - ആറന്മുള റോഡിൽ കുറിയാനിപ്പള്ളിയിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഒാഫീസർ സിൻസി പി. അസീസ് (35) മരിച്ചു. ഇന്നലെ രാവിലെ ഒൻപതിന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മൃതദേഹം ഉച്ചയ്ക്ക് പത്തനംതിട്ട എ.ആർ ക്യാമ്പിൽ പൊതുദർശനത്തിന് വച്ചു. ജില്ലാ പൊലീസ് ചീഫ് സ്വപ്നിൽ മധുകർ ഉൾപ്പെടെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും സഹപ്രവർത്തകരും അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് കുളനടയിലെ വീട്ടിലെത്തിച്ച് വൈകിട്ടോടെ സംസ്കരിച്ചു. . എറണാകുളം സ്വദേശിയുടെ കാർ സിൻസിയുടെ സ്കൂട്ടറിലിടിച്ചാണ് അപകടമുണ്ടായത്. കോഴഞ്ചേരിയിൽ സ്ത്രീകൾക്ക് സ്വയംപ്രതിരോധ പരിശീലന ക്ലാസെടുക്കാൻ പോവുകയായിരുന്നു സിൻസി. ദിശ തെറ്റിച്ച് അമിത വേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ സിൻസിയുടെ തലയ്ക്കും നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും തുടർന്ന് ചെങ്ങന്നൂരിലെ ചെറിയാൻ മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തം അമിതമായി നഷ്ടപ്പെട്ടകാരണം രക്തസമ്മർദ്ദം താഴ്ന്നിരുന്നു. അതിനാൽ അടിയന്തര ശസ്ത്രക്രിയ സാദ്ധ്യമായില്ല.
ഒരു വർഷമായി ജില്ലാ ആസ്ഥാനത്തെ വനിതാ പൊലീസ് സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫീസറാണ്. സ്ത്രീകൾക്കും കുട്ടികൾക്കും സ്വയം പ്രതിരോധത്തിനുള്ള ട്രെയ്നറായിരുന്നു.കളനട തണുങ്ങാട്ടിൽ അബ്ദുൽ അസീസിന്റെയും കമലത്ത് ബീവിയുടെയും മകളാണ്. ഭർത്താവ് സനൽ, രാംരാജ് കമ്പനിയുടെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഫീൽഡ് എക്സിക്യൂട്ടീവാണ്
ഏകമകൻ സിദ്ധാർത്ഥ് (13) കിടങ്ങന്നൂർ ഗവ. ഹൈസ്കൂളിൽ ഒമ്പതാം ക്ളാസ് വിദ്യാർത്ഥി.