അടൂർ : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ഏകഭാരത് ശ്രേഷ്ഠ ഭാരത് ട്വിന്നിംഗ് പ്രോഗ്രാമിന്റെ ഭാഗമായി കേരളത്തിൽ നിന്ന് ഹിമാചൽപ്രദേശിലേക്കുള്ള സന്ദർശനസംഘത്തിൽ അടൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കൊച്ചുമിടുക്കി ഇഷയും പങ്കാളിയാകും. തിരഞ്ഞെടുക്കപ്പെട്ട 25 കുട്ടികൾക്കാണ് അവസരം. ഇതിൽ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിക്കുന്നത് പന്ത്രണ്ടാംക്ലാസ് വിദ്യാർത്ഥിനി ഇഷ ജാസ്മിനാണ്.
അക്കാദമികരംഗത്ത് മികവ് പുലർത്താൻ കഴിഞ്ഞിട്ടുള്ള ഇഷ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടംതേടിയിട്ടുണ്ട്. പൂർണ്ണമായ പീരിയോഡിക് ടേബിൾ ഒരു മുട്ടത്തോടിൽ ഏറ്റവും വേഗതയിൽ വരച്ചാണ് റെക്കാഡ് സ്വന്തമാക്കിയത്. പറക്കോട് അനുഗ്രഹയിൽ സന്തോഷ് കുമാറിന്റെയും ബീഗം മുബീനയുടെയും മകളാണ്.