തിരുവല്ല: ദേശീയ സിനിമാ അവാർഡിൽ ശബ്ദമിശ്രണ വിഭാഗത്തിൽ മലയാളികൾക്ക് അഭിമാനമായി തിരുവല്ല സ്വദേശി വിഷ്ണുവും. 2021 ജൂലായിൽ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ പ്രധാന വേഷമിട്ട മാലിക് എന്ന സിനിമയുടെ ശബ്ദ മിശ്രണത്തിനാണ് വിഷ്ണുവിനെ തേടി ആദ്യ ദേശീയ പുരസ്‌കാരമെത്തുന്നത്. 2020ൽ ' ഉണ്ട ' സിനിമയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. 2012 മുതൽ സ്വതന്ത്രമായി ശബ്ദമിശ്രണവും രൂപകൽപ്പനയും ചെയ്യുന്ന വിഷ്ണു മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ ചിത്രങ്ങളിൽ ശബ്ദവിന്യാസങ്ങൾ നടത്തി മികവ് തെളിയിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് കൂടുതൽ സമയം സിനിമയ്ക്ക് ചെലവഴിക്കാൻ കഴിഞ്ഞത് മികവുണ്ടാക്കാൻ സാധിച്ചതായി വിഷ്ണു പറഞ്ഞു. പിസാ, പ്രേമം, അയ്യപ്പനും കോശിയും, നേരം, മഹവീർ, മലയിൻകുഞ്ഞ്, പപ്പൻ, തല്ലുമാല ഉൾപ്പടെ 90 ഓളം സിനിമകളിൽ ഇതുവരെ വിഷ്ണു ശബ്ദമിശ്രണം നടത്തിയിട്ടുണ്ട്. തിരുവല്ല തോട്ടാശേരി ഇല്ലത്ത് റിട്ട. ആർ.ഡി.ഒ ഗോവിന്ദൻ നമ്പൂതിരിയുടെയും ഗൗരി അന്തർജനത്തിന്റെയും മകനായ വിഷ്ണു 2009 മുതൽ ഈ രംഗത്ത് പ്രവർത്തിക്കുന്നു. അവിവാഹിതനാണ്. അരവിന്ദ്, ഗോവിന്ദ് എന്നിവരാണ് സഹോദരങ്ങൾ.