പത്തനംതിട്ട: ഇന്നലെ അന്തരിച്ച അഖിലഭാരത അയ്യപ്പസേവാസംഘം ജനറൽ സെക്രട്ടറി എൻ. വേലായുധൻനായർ എന്ന വേലായുധൻ സ്വാമിയുടേത് അയ്യപ്പഭക്തർക്ക് സമർപ്പിച്ച ജീവിതമായിരുന്നു. അയ്യപ്പസേവാസംഘത്തെ ദേശീയ സംഘടനയാക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച അദ്ദേഹം അയ്യപ്പഭക്തരുള്ള സംസ്ഥാനങ്ങളിലെല്ലാം സംഘടനയ്ക്ക് യൂണിറ്റുകളുണ്ടാക്കി.

ശബരിമല തീർത്ഥാടകർക്ക് അന്നദാനവും കുടിവെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി, അയ്യപ്പൻമാരുടെ സഹായത്തിനായി അന്യസംസ്ഥാനങ്ങളിൽ നിന്ന് വോളന്റിയർമാരെ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ വിന്യസിക്കുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.

പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് ശബരിമലയിലും മറ്റ് തീർത്ഥാടന കേന്ദ്രങ്ങളിലും അന്നദാനം ദേവസ്വം ബോർഡ് നേരിട്ട് നടത്താൻ തീരുമാനിച്ചപ്പോൾ അതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു.

ശബരിമല സന്നിധാനത്ത് പുതിയ കൊടിമരം സ്ഥാപിക്കുന്നതിന് കോന്നി വയക്കര വനത്തിൽ നിന്ന് തേക്ക് മുറിച്ച് കൊണ്ടുപോകുന്നതിന് നേതൃത്വം നൽകുന്നതും വേലായുധൻ സ്വാമിയായിരുന്നു.

ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം നൽകാമെന്ന സുപ്രീംകോടതി വിധിക്കെതിരെ റിവ്യു ഹർജി നൽകി. വാദത്തിൽ അയ്യപ്പസേവാ സംഘത്തിന്റെ അഭിപ്രായം കൂടി കേൾക്കണമെന്ന് കോടതിയോട് അഭ്യർത്ഥിച്ചു. ഇതിനായി ഡൽഹിയിലേക്ക് പലതവണ യാത്ര ചെയ്തു.

അടുത്തിടെ അന്തരിച്ച അയ്യപ്പ സേവാസംഘം ദേശീയ സെക്രട്ടറി രാജീവ് കോന്നിയും വേലായുധൻ സ്വാമിയും സംഘടനയുടെ മുഴുവൻസമയ പ്രവർത്തകരായിരുന്നു.

അടുത്ത തീർത്ഥാടന കാലത്തിന് മുന്നോടിയായി അയ്യപ്പൻമാർക്ക് ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും നിവേദനം നൽകാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് വേർപാടെന്ന് അയ്യപ്പസേവാ സംഘം ദേശീയ വൈസ് പ്രസിഡന്റ് ഡി. വിജയകുമാർ പറഞ്ഞു.