മല്ലപ്പള്ളി: തെള്ളിയൂർ -പാറക്കടവ് - വാളക്കുഴി റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും സഞ്ചാര യോഗ്യമാക്കാൻ നടപടികളായില്ല. എഴുമറ്റൂർ പഞ്ചായത്ത്, വാളക്കുഴികൃഷിഭവൻ എന്നിവിടങ്ങളിലേയ്ക്ക് എത്തുന്നതിന് ഒട്ടേറെ ആളുകൾ സഞ്ചരിക്കുന്ന റോഡാണ് തകർന്നു കിടക്കുന്നത്. പലയിടങ്ങളിലും വലിയ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വാഹന യാത്രികർക്കും ഇരുചക്ര യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ദുരിതയാത്രയായി റോഡ് മാറി. അടുത്തിടെ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി എടുത്ത കുഴിയും തകർച്ചയ്ക്കിടയാക്കി. ഒന്നരവർഷം മുമ്പ് പാറക്കടവിനോട് ചേർന്ന് ശോച്യാവസ്ഥയിലായിരുന്ന പാലം പുനർനിർമ്മിച്ചെങ്കിലും റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നില്ല. വർഷങ്ങളായി പുനരുദ്ധാരണ പ്രവർത്തികൾ നടത്താത്തതിനാൽ കുഴിയുടെ താഴ്ചയും വർദ്ധിച്ചു. വാഹനങ്ങളുടെ അടിവശം തട്ടി കേടുപാടുകളുണ്ടാകുന്നതും പതിവാണ്. റാന്നി - തടിയൂർ - വെണ്ണിക്കുളം,അയിരൂർ - വാലാങ്കര, എഴുമറ്റൂർ - തെള്ളിയൂർ റോഡുകളെ ബന്ധിപ്പിക്കുന്നതിനാൽ ചെറുതും വലുതുമായ ഒട്ടേറെ വാഹനങ്ങളുടെ സഞ്ചാര മാർഗമാണിത്. എന്നാൽ നാളുകളായിട്ടുള്ള റോഡിന്റെ തകർച്ചമൂലം കിലോമീറ്ററുകൾ അധികദൂരം സഞ്ചരിക്കേണ്ട ഗതികേടിലാണ് നാട്ടുകാരും യാത്രക്കാരും.
...........................
തെള്ളിയൂർ - പാറക്കടവ് - വാളക്കഴി റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് നാളുകൾ പിന്നിട്ടിട്ടും അധികാരികൾ അറിഞ്ഞ ഭാവം കാണിക്കാത്തത് പ്രദേശവാസികളോടുള്ള വെല്ലുവിളിയാണ്. എഴുമറ്റൂർ പഞ്ചായത്തിലെ 10 -ാം വാർഡിൽ സ്ഥിതി ചെയ്യുന്ന റോഡിന്റെ നവീകരണം നടന്നത് 2014 മാത്രം.അടിയന്തര ഇടപെടീൽ ജനപ്രതിനിധികളുടെ ഭാഗത്ത് ഉണ്ടാവണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം
ജേക്കബ് തോമസ്
(പ്രദേശവാസി)