അടൂർ : വെള്ളക്കുളങ്ങര - പുന്തലപ്പടി ഭാഗത്ത് കനാലിൽ കക്കൂസ് മാലിന്യം തള്ളുന്നത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടാകുന്നു. നിറുത്തിയിടുന്ന ടാങ്കർ ലോറിയിൽ നിന്നുമാണ് മാലിന്യം കനാൽവഴി ഒഴുക്കിവിടുന്നത്. പുലർച്ചെ രണ്ടു മണിയോടെയാണ് ലോറിയിൽ മാലിന്യം കനാലിലേക്ക് ഒഴുക്കുന്നത്. നാട്ടുകാർ പഞ്ചായത്തിലും പൊലീസ് സ്റ്റേഷൻ, കെ.ഐ.പി അധികൃതർക്കും പരാതി നൽകിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. വിജനമായ പ്രദേശം കൂടിയാണ് ഇവിടം. ഇതിന്റെ മറവ് പിടിച്ചാണ് ടാങ്കർ ലോറിയിൽ മാലിന്യം കൊണ്ട് ഒഴുക്കുന്നത്. രാത്രികാലങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കിയാൽ ഇതിന് പരിഹാരം കാണാൻ കഴിയുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. കറുത്ത നിറത്തിലാണ് മാലിന്യം കനാലിനെ അടിത്തട്ടിൽ കെട്ടികിടക്കുന്നത് കനാലിലെ വെള്ളം നിരവധി ആളുകൾ ഉപയോഗിക്കുന്നുണ്ട്. ഈ വെള്ളത്തിൽ കുളിക്കുന്നവർക്ക് ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നതായി നാട്ടുകാർ പറയുന്നു. പൊലീസ് പട്രോളിംഗ് ശക്തമാക്കി മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.