പന്തളം: പന്തളം മഹാദേവർ ക്ഷേത്രത്തിലെ കർക്കടകവാവ് ബലിതർപ്പണം മഹാദേവ ഹിന്ദു സേവാ സമിതിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ആഭിമുഖ്യത്തിൽ 28ന് നടക്കുമെന്ന് സംഘാടക സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബലിതർപ്പണത്തിന് എം.കെ.അരവിന്ദ് ശർമ്മ മുഖ്യ കാർമ്മികത്വം വഹിക്കും. പുലർച്ചെ 5ന് ക്ഷേത്ര സ്‌​നാനഘട്ടത്തിലാണ് ബലിതർപ്പണം നടക്കുക. ബലിതർപ്പണത്തിനായുള്ള ഹവിസ് ഉൾപ്പെടെ ലഭ്യമാക്കുന്നതിനായി രണ്ടു കൗണ്ടറുകളും ഒരുക്കും. തർപ്പണത്തിനു ശേഷം സ്‌​നാനം ചെയ്യുന്നതിനായി കടവും സജ്ജീകരിക്കും. ക്ഷേത്രമുറ്റത്ത് പ്രത്യേകമായി ഒരുക്കുന്ന മണ്ഡപത്തിൽ ബലിതർപ്പണത്തിനു ശേഷം നടക്കുന്ന പിതൃപൂജ, തിലഹോമം എന്നിവയ്ക്കു ക്ഷേത്ര മേൽശാന്തി ശംഭു നമ്പൂതിരി കാർമ്മികത്വം വഹിക്കും. ഭക്തരുടെ സാധനങ്ങൾ സൂക്ഷിക്കുന്നതിന് ക്ലോക്ക് റൂം സൗകര്യമുണ്ടായിരിക്കും. സ്ത്രീകൾക്ക് വസ്ത്രം മാറുന്നതിനായി പ്രത്യേക സൗകര്യം ഒരുക്കും. ചുക്ക് കാപ്പി വിതരണം ചെയ്യും. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്​കൂൾ ഗ്രൗണ്ടും അന്നദാനമന്ദിരത്തിന്റെ മുൻവശവും സജ്ജമാക്കും. ഞെട്ടൂർ ഭാഗത്തുകൂടി ക്ഷേത്രത്തിലെത്തുന്നവർക്കായി സേവാഭാരതി ബോട്ട് സർവീസ് നടത്തും. എം.ജി. ബിജു കുമാർ (പ്രസിഡന്റ്, ഹിന്ദു സേവാ സമിതി) ജെ. കൃഷ്ണകുമാർ (രക്ഷാധികാരി) കെ.ജി. ജ്യോതികുമാർ (കൺവീനർ) സി.ആർ. രാജീവ് (ജോ. കൺവീനർ) സി. സതീഷ് കുമാർ (പബ്ലിസിറ്റി കൺവീനർ) എന്നിവരുൾപ്പെടുന്ന സംഘാടക സമിതിയാണു തർപ്പണത്തിനു മേൽനോട്ടം വഹിക്കുക. എം.ജി. ബിജുകുമാർ, വൈസ് പ്രസിഡന്റ് എം.ജെ. വിജയകുമാർ, സംയോജകൻ അനൂപ് കുമാർ ടി.എസ്, ജോ. കൺവീനർ രാജീവ് സി.ആർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.