ചെങ്ങന്നൂർ: ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ചെങ്ങന്നൂർ നിയോജകമണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ. ഫേസ്ബുക്ക് ലൈവിലൂടെയാണ് അര മണിക്കൂർ നീണ്ടു നിൽകുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. 2021​ലെ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കണക്കുകൾ ഇനിയും അവതരിപ്പിച്ചിട്ടില്ലെന്നും ഇത് ഒഴിവാക്കാൻ ജില്ലാ പ്രസിഡന്റ് ശ്രമിക്കുന്നതായും ആരോപിച്ചു. സ്ഥാനാർത്ഥി കൂടിയായിരുന്ന ജില്ലാ പ്രസിഡന്റിനടക്കം സംസ്ഥാന നേതൃത്വം കൈമാറിയ തുകയുടെ കണക്ക് നിയോജകമണ്ഡലം പ്രസിഡന്റിന് അറിയില്ലെന്നും പറയുന്നു. തിരഞ്ഞെടുപ്പു കമ്മിറ്റി കൺവീനറായിരുന്ന സതീഷിനെ ഒഴിവാക്കി സഹ​ഇൻചാർജായിരുന്ന നിലവിലെ ജില്ലാ ട്രഷറർ കെ.ജി. കർത്തയാണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. പഞ്ചായത്ത് കമ്മിറ്റികൾക്ക് നൽകിയ തുകയും കാര്യത്തിലും വ്യക്തതയില്ല. മണ്ഡലം വിഭജനത്തിൽ പാണ്ടനാട് ചെങ്ങന്നൂരിനൊപ്പം നിറുത്തി ചെറിയനാടിനെ മാന്നാർ മണ്ഡലത്തിന്റെ ഭാഗമാക്കിയത് ജില്ലാ പ്രസിഡന്റിന്റെ പ്രത്യേക താൽപ്പര്യപ്രകാരമാണ്. വിഭജനം പഠനം നടത്താതെ അശാസ്ത്രീയമായി ചെയ്തതാണ്. ചെങ്ങന്നൂരിലെ ബി.ജെ.പി.യെ ജില്ലാ പ്രസിഡന്റ് ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും സതീഷ് ആരോപിച്ചു. നിലവിൽ പാർട്ടിയുടെ ഔദ്യോഗിക ചുമതലകളൊന്നുമില്ലെന്നും മിസ്ഡ് കോൾ അംഗത്വത്തിന്റെ കാലാവധി കഴിഞ്ഞതായും കൂട്ടിച്ചേർത്തു.

.....................

നഗരസഭ അടക്കമുളള തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ തിരെഞ്ഞെടുപ്പിൽ ഇവർ നടത്തിയ നീക്കു പോക്കും താമസമില്ലാതെ പുറത്തു വരും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പു സമയത്ത് ബി.ജെ.പി.നേതൃത്വത്തിന്റെ അറിവോടെ കുഴൽപ്പണ വിതരണത്തിൽ കോടികൾ ചെങ്ങന്നൂരിലും എത്തിയതിന് തെളിവാണ് പുതിയ വെളിപ്പെടുത്തൽ.

എം.ശശികുമാർ

(സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി)

..........

അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്ക് മറുപടി അർഹിക്കുന്നില്ല. ബി.ജെ.പിയേയും നേതാക്കളേയും ജനങ്ങൾക്ക് അറിയാം അവർ വിലയിരുത്തും. അസത്യ പ്രചരണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും.

എം.വി ഗോപകുമാർ

(ബി.ജെ.പി ജില്ല പ്രസിഡന്റ്)