bank
ബാങ്ക് സീൽ ചെയ്‌ത വീടിനു മുമ്പിൽ അശോകൻ

റാന്നി : വായ്പാ കുടിശികയുടെ പേരിൽ ബാങ്ക് വീട് സീൽ ചെയ്തതോടെ വൃക്കരോഗിയായ വർക്ക് ഷോപ്പ് ഉടമയും കുടുംബവും തെരുവിലായി. റാന്നി ചെറുകുളഞ്ഞി കുന്നംപള്ളിൽ അശോകനും കുടുംബവുമാണ് കിടപ്പാടം നഷ്ടപ്പെട്ട് പെരുവഴിയിലായത്.

2009ൽ കാത്തലിക്കറ്റ് സിറിയൻ ബാങ്ക് റാന്നി ബ്രാഞ്ചിൽ നിന്ന് അശോകൻ അഞ്ച് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. മെച്ചപെട്ട ഇടപാട് നടത്തിയതിനാൽ ബിസിനസ് വിപുലീകരണത്തിന് ബാങ്ക് വീണ്ടും 10 ലക്ഷം രൂപ കൂടി അധികമായി വായ്പ നല്കി. കൃത്യമായ ഇടപാട് നടത്തി വരുന്നതിനിടയിൽ 2018ലെ മഹാപ്രളയത്തിൽ അശോകന്റെ വർക്ക് ഷോപ്പ് വെള്ളത്തിൽ മൂങ്ങി. പിന്നീട് മെഷിനുകളുടെ തകരാർ പരിഹരിച്ച് മുന്നോട്ടു പോകുമ്പോൾ കൊവിഡ് മഹാമാരിയോടോപ്പം അശോകൻ വൃക്കരോഗത്തിനും കീഴ്പ്പെട്ടു. ഈക്കാലയളവിൽ ബാങ്ക് പലിശ ക്രമാതീതമായി കൂടി.

കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ആഴ്ചയിൽ രണ്ടു പ്രാവിശ്യം ഡയാലിസിസ് ചെയ്യുന്നതിനും മരുന്നിനുമായി 5000രൂപ ആവശ്യമായി വരുന്നുണ്ട്. ഇതിനിടയിൽ വാഹനങ്ങൾ വിറ്റും കടം വാങ്ങിയും 5.65 ലക്ഷത്തോളം രൂപ തിരികെ, ബാങ്കിലടച്ചിരുന്നു. കഴിഞ്ഞ പത്തിന് 5 ലക്ഷം രൂപ ഉടൻ അടയ്ക്കണമെന്നും അല്ലെങ്കിൽ 21ന് ജപ്തി ചെയ്യുമെന്നും ബാങ്ക് മാനേജർ അറിയിച്ചു. ബാങ്കിലടക്കാൻ പണം സ്വരൂപിക്കുന്നതിനിടയിലാണ് വെള്ളിയാഴ്ച ബാങ്ക് അധികൃതർ എത്തി വീട് സീൽ ചെയ്തത്. രോഗിയായ അശോകനും ഭാര്യയും പകൽ പൂട്ടിയ വീടിന് പുറത്തും രാത്രികാലങ്ങളിൽ അടുത്തുള്ള ബന്ധുവീടുകളിലുമാണ് കഴിയുന്നത്.