തിരുവല്ല: പെരിങ്ങര ജംഗ്ഷനിലെ മുടങ്ങിക്കിടന്നിരുന്ന ഇന്റർലോക്ക് പണികൾ പുനരാരംഭിച്ചു. രണ്ടാഴ്ചയായി ഇന്റർലോക്ക് ചെയ്യുന്ന ജോലികൾ മുടങ്ങിയതോടെ യാത്രക്കാരുടെ ദുരിതം സംബന്ധിച്ച കേരളകൗമുദി വാർത്ത വ്യാഴാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്ന് ജനകീയ പ്രതിഷേധങ്ങൾ ഉയർന്നതോടെ പൊതുമരാമത്ത് അധികൃതൻ ഇടപെട്ട് പണികൾ പുനരാരംഭിച്ചത്. പെരിങ്ങര - പൊടിയാടി കൃഷ്ണപാദം റോഡിലെ ജോലികളാണ് നാട്ടുകാർക്കും ദുരിതമായത്. ജംഗ്‌ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കി പെരിങ്ങര ജംഗ്ഷൻ മുതൽ 50 മീറ്റർ ഭാഗത്ത് ഇന്റർലോക്ക് ചെയ്യുന്ന പണികൾ ഈമാസം ആദ്യമാണ് ആരംഭിച്ചത്. ജോലികളുടെ ഭാഗമായി രണ്ടാഴ്ച മുമ്പ് രണ്ടടിയോളം താഴ്ചയിൽ റോഡ് ജെ.സി.ബി. ഉപയോഗിച്ച് കുഴിച്ചിരുന്നു. തുടർന്നുള്ള മെറ്റിലിംഗ് ഉൾപ്പടെയുള്ള പണികളാണ് മുടങ്ങിയത്. ഇതിനായി സാധനസാമഗ്രികളും ഇവിടെ എത്തിച്ചെങ്കിലും ജലഅതോറിറ്റി അധികൃതരുമായി ഉണ്ടായ തർക്കങ്ങളെ തുടർന്ന് ജോലികൾ നീണ്ടുപോകുകയായിരുന്നു. ഇതിനിടെ മഴ കൂടി പെയ്തതോടെ ചെളിക്കുളമായ റോഡിലൂടെ കാൽനട യാത്ര പോലും സാദ്ധ്യമായിരുന്നില്ല. ഇന്റർലോക്ക് ചെയ്യുന്നതിന്റെ ഭാഗമായി ഈമാസം 17വരെ റോഡിൽ ഗതാഗതം നിരോധിച്ചിട്ടും പണികൾ നടന്നില്ല. ജനങ്ങളുടെ പ്രതിഷേധം ഉയർന്നതോടെ പണികൾ പൂർത്തിയാക്കാൻ ആഗസ്റ്റ് 5 വരെ ഗതാഗതം നിരോധിച്ച് പൊതുമരാമത്ത് വകുപ്പ് വീണ്ടും ഉത്തരവിറക്കി. ഇതേതുടർന്ന് റോഡ് നിരപ്പാക്കുന്ന ജോലികൾ വീണ്ടും തുടങ്ങി. മെറ്റലിട്ട് ഉറപ്പിച്ചു ഇന്റർലോക്ക് ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് കരാറുകാർക്ക് അധികൃതൻ നിർദ്ദേശം നൽകിയിട്ടുള്ളത്.