പന്തളം : ബ്ലോക്ക് ആരോഗ്യമേള ആഗസ്റ്റ് 6ന് കുളനട എച്ച്.എസ്.എസിൽ വച്ചു നടക്കും. പൊതുജനാരോഗ്യ മേഖലയിലെ പദ്ധതികൾ പരിചയപ്പെടുത്തുക, ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക, നല്ല ആരോഗ്യ ശീലങ്ങൾ സംബന്ധിച്ച അവബോധം സൃഷ്ടിക്കുക എന്നിവയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. മേളയുടെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സെമിനാർ, സൈക്കിൾ റാലി,ഫുട്ബാൾ മത്സരം, പ്രഭാത നടത്തം, സ്‌കൂൾ വിദ്യാർത്ഥികൾക്കായി പ്രബന്ധ, ചിത്രരചനാ മത്സരങ്ങൾ നടത്തുന്നുണ്ട്. അലോപ്പതി, ആയുർവേദ, ഹോമിയോ വകുപ്പുകളുടെ മെഡിക്കൽ ക്യാമ്പ്, ജീവിത ശൈലീ രോഗ നിർണയം, ഇ​സഞ്ജീവനി , ടെലി മെഡിസിൻ സേവനങ്ങൾ, കൗൺസലിംഗ് , കുടുംബശ്രീ ഉല്പനങ്ങളുടെ പ്രദർശനവും വില്പനയും, ആരോഗ്യ സന്ദേശ റാലി, വിവിധ മത്സരങ്ങൾ, കലാ പരിപാടികൾ എന്നിവ മേളയോട് അനുബന്ധിച്ച് നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ ചെയർമാനും തുമ്പമൺ സി.എച്ച്.സി.മെഡിക്കൽ ഓഫീസർ ഡോ.ശ്രീകല, വല്ലന മെഡിക്കൽ ഓഫീസർ ഡോ.അഖില രാജ് കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു.