പത്തനംതിട്ട: നഗരാതിർത്തിയിൽ മണ്ണുമാഫിയയുടെ പ്രവർത്തനം കർശനമായി നേരിടുമെന്ന് നഗരസഭാദ്ധ്യക്ഷൻ ടി.സക്കീർ ഹുസൈൻ പറഞ്ഞു. 2013ൽ യു.ഡി.എഫ് ഭരണസമിതിയുടെ കാലയളവിൽ നൽകിയ കെട്ടിട നിർമ്മാണ അനുമതിയുടെ മറവിലാണ് മേലെ വെട്ടിപ്രത്തു നിന്ന് മണ്ണും പാറയും ഖനനം ചെയ്ത് നീക്കിയത്. ഖനന പ്രവർത്തനങ്ങൾ നിരോധിക്കുന്നതും നിയന്ത്രിക്കുന്നതും ജിയോളജി - റവന്യു വകുപ്പുകളുടെ ഉത്തരവാദിത്വമാണ്. നഗരസഭ ഭരണ സമിതിയുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് ജിയോളജി വകുപ്പ് പരിശോധന നടത്തിയതും കടത്തിക്കൊണ്ട് പോയ മണ്ണിനും പാറയ്ക്കും പിഴ ചുമത്തിയതും. റവന്യു വിഭാഗത്തിന്റെ നിരോധന ഉത്തരവും പൊലീസിന്റെ ഇടപെടലും ഉറപ്പാക്കിയത് നഗരസഭ ഭരണസമിതിയാണ്. 2019ൽ വീണ്ടും പുതുക്കി നൽകിയ കെട്ടിട നിർമ്മാണ പെർമിറ്റിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ നഗരസഭ ചെയർമാൻ മുനിസിപ്പൽ എൻജിനീയർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് എൻജിനീയറിംഗ് വിഭാഗം സ്റ്റോപ്പ്‌ മെമ്മോ നൽകിയത്. ഈ വിഷയത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ മാഫിയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണസമിതിയെടുക്കുന്ന നിലപാടുകൾക്ക് പിന്തുണ നൽകുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. എന്നാൽ ഈ വിഷയത്തിൽ പ്രതിപക്ഷത്ത് വിവിധ ചേരികളാണെന്നും മാഫിയയ്ക്കെതിരെ കൂടുതൽ ഊർജ്ജിതമായി ഇടപെടാൻ പൊലീസിന് നിർദേശം നൽകിയെന്നും ചെയർമാൻ പറഞ്ഞു.