അടൂർ : ഉന്നതനിലവാരത്തിൽ കേരളത്തിലെ ആദ്യ സുരക്ഷാ ഇടനാഴിയായി എം.സി റോഡ് നവീകരിച്ചെങ്കിലും റോഡിന്റെ വീതിക്കുറവും ഡിവൈഡറുകൾ ഇല്ലാത്തതുമാണ് അപകടങ്ങൾ പെരുകാൻ ഇടയാക്കുന്നതെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ വിലയിരുത്തൽ. ഒപ്പം വളരെയധികം വളവുകളും ഉപറോഡുകളുടെ സംഗമവും വാഹനങ്ങളുടെ അമിതവേഗവും. ഇതിനെല്ലാം പരിഹാരമായാണ് ഇന്റർനാഷണൽ സ്റ്റാന്റേഡിലുള്ള IS35 2005 മാർക്കിംഗുകളാണ് എം.സി റോഡിൽ വരച്ചിട്ടുള്ളത്. കേരളത്തിൽ എം.സി റോഡിൽ മാത്രമാണ് ഇത്തരമൊരു മാർക്കിംഗ് നൽകിയിരിക്കുന്നത്. അപകടങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ നൽകിയിട്ടുള്ള വിവിധ തരത്തിലുള്ള മാർക്കിംഗിനെ സംബന്ധിച്ച് അവബോധമില്ലാത്തതാണ് അപകടങ്ങളുടെ പെരുപ്പത്തിന് ഇടയാക്കുന്നത്. അടുത്തിടെ എം.സി റോഡിൽ പുതുശേരിഭാഗത്തും കുളക്കടയിലുമുണ്ടായ രണ്ട് വ്യത്യസ്ഥ വാഹനാപകടങ്ങളിൽ ആറു പേരുടെ ജീവൻ പൊലിഞ്ഞതോടെ മോട്ടോർവാഹനവകുപ്പ് ബോധവൽക്കരണ പരിപാടികളുമായി രംഗത്തിറങ്ങി. രണ്ട് അപകടങ്ങൾക്കും ഇടവരുത്തിയത് നിശ്ചിത ട്രാക്ക് ലംഘിച്ച് കടന്നുകയറിയതാണെന്ന് സി. സി ടി. വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. കഴിഞ്ഞ ദിവസം നിശ്ചിത ട്രാക്ക് ലംഘിച്ച് കടന്നുവന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് തടഞ്ഞുനിറുത്തി മോട്ടോർ വാഹനവകുപ്പ് അധികൃതർ പകർത്തിയ ചിത്രംസഹിതം ചൂണ്ടിക്കാട്ടി ഡ്രൈവർക്ക് ബോധവൽക്കരണം നടത്തിയതിനൊപ്പം ഇനിയും ഇത്തരത്തിൽ നിയമലംഘനം നടത്തിയാൽ കോടതിയിലാകും കേസുകൾ ഫയൽചെയ്യുക എന്ന മുന്നറിയിപ്പും നൽകിയാണ് മടക്കിയത്.
റോഡ് നിയമങ്ങൾ പാലിക്കുന്നില്ല
റോഡ് നിയമങ്ങൾ പാലിക്കാത്തതിൽ സ്വകാര്യ വാഹനങ്ങൾക്കൊപ്പം കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾക്കും മുഖ്യപങ്കുണ്ട്. നിലവിൽ എം.സി റോഡിന് 11 മീറ്ററാണ് ടാർവീതി. ഇരുവശത്തേയും നടപ്പാത ഉൾപ്പെടെ 14 മീറ്ററും. അതിനാൽ റോഡിൽ ഡിവൈഡറുകൾ സ്ഥാപിക്കാനായില്ല. ഇതുണ്ടായിരുന്നെങ്കിൽ റോഡ് അപകടങ്ങൾ നല്ലൊരുപങ്കും പരിഹരിക്കാനാകുമായിരുന്നു.
ചീറിപ്പാഞ്ഞ് വാഹനങ്ങൾ
എം.സി റോഡ് ഉന്നതനിലവാരത്തിലാവുകയും പുനലൂർ - മൂവാറ്റുപുഴ പാതയുടെ നവീകരണജോലികൾ നടക്കുന്നതിനാലും എം.സി റോഡിലാണ് ഇന്ന് ഏറെ വാഹനത്തിരക്ക്. അമിതവേഗത്തിൽ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾ കാരണം റോഡ് മുറിച്ചുകടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ് നിലവിൽ.