pta

പത്തനംതിട്ട : സ്ഥല പരിമിതി കാരണം ജില്ലാ ജയിലിൽ വനിതാ പ്രതികൾക്ക് പ്രവേശനമില്ല. എൺപത്തിരണ്ട് സെന്റി​ൽ ജില്ലാ ജയിൽ പൂർത്തിയാകുമ്പോൾ സ്ഥലമില്ലാത്തതിനാൽ വനിതാ ജയിൽ വേണ്ടെന്ന നിലപാടിലാണ് അധികൃതർ. വനിതാ ജയിൽ സ്ഥാപിക്കാനിരുന്ന സ്ഥലത്ത് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കാനുള്ള പദ്ധതിയാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. വനിതാ സെൽ കൂടി വന്നാൽ പ്ലാന്റ് നിർമ്മിക്കാൻ സ്ഥലമില്ലാതാകും. ഉയർന്ന മതിലുകൾക്കുള്ളിൽ നിർമ്മിക്കുന്ന കെട്ടിടമായതിനാൽ പ്ലാൻ അത്യന്താപേഷിതമാണ്.

ജയിലിന് സമീപം അനധികൃത നിർമ്മാണം

ജയിലിന് സമീപം അനധികൃത നിർമ്മാണം നിരവധിയുണ്ട്. ഇത് സംബന്ധിച്ച് നഗരസഭയുമായി തർക്കവുമുണ്ടായിട്ടുണ്ട്. ജയിൽ മേധാവിയുടെ നിരാക്ഷേപ സാക്ഷ്യപത്രമില്ലാതെ കെട്ടിടത്തിന് ലൈസൻസ് കൊടുത്ത നഗരസഭയുടെ പ്രവർത്തിക്കെതിയുള്ള പരാതിയിൽ കളക്ടർ ഇടപെടുകയും നിർമ്മാണം നിറുത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

സ്ഥലപരിമിതി നിരവധി

പെട്രോൾ പമ്പ്, കഫ്റ്റീരിയ അടക്കമാണ് മറ്റുജില്ലയിലെ ജയിലുകൾ. നിലവിൽ ജയിൽപുള്ളി​കളെ കാണാനെത്തുന്നവർക്ക് കാത്തിരിക്കാൻ പോലും സ്ഥലമില്ലാതെയാണ് ജില്ലാ ജയിൽ പണി നടക്കുന്നത്. കൃഷിക്കോ അനുബന്ധമായ ഗാർഡനിംഗ് പോലുള്ള ജോലികൾ ഏൽപ്പിക്കാനോ ഇവിടെ സ്ഥലം തികയില്ല. ബോധവൽക്കരണ ക്ലാസുകൾ അടക്കം നടത്തേണ്ട ജയിൽ കോമ്പൗണ്ടിനുള്ളിൽ അടുക്കളയും സെല്ലും ഓഫീസ് കെട്ടിടത്തിനും മാത്രമാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്.

വനം, എക്സൈസ്, പൊലീസ് തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്ന് കേസിൽ പ്രതിയായി റിമാൻഡിലാകുന്നവരെ ജില്ലാ ജയിലിലേക്കാണ് കൊണ്ടുവരിക. ജില്ലയിൽ നിന്നുള്ള പ്രതികളെയും ജയിൽപ്പുള്ളികളേയും ഇപ്പോൾ മാവേലിക്കര, കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം ജയിലുകളിലേക്കാണ് മാറ്റുക. വനിതാതടവുകാരെ മാവേലിക്കര ജയിലിലാണ് പ്രവേശിപ്പിക്കുക. ബന്ധുക്കൾ അവിടെത്തി വേണം ജയിൽ പുള്ളികളെ കാണാൻ. പത്തനംതിട്ടയിൽ സ്ത്രീകൾ പ്രതികളാകുന്ന കേസുകൾ കുറവാണ്.