nest
ബദാമരത്തിലെ ഒരു കുളവിക്കൂട്

തിരുവല്ല: സ്‌കൂൾ വളപ്പിലെ കുളവിക്കൂട്ടം കുട്ടികൾക്ക് ഭീഷണിയാകുന്നു. ഇരുവെള്ളിപ്ര ഗവ.എൽ.പി. സ്‌കൂൾ വളപ്പിലുള്ള പാർക്കിലെ ബദാ മരത്തിന്റെ ഇലകളിലാണ് കുളവികൾ കൂടുകെട്ടി താവളമാക്കിയിരിക്കുന്നത്. പാർക്കിന്റെ മദ്ധ്യത്തിൽ നിന്നിരുന്ന ബദാമിന്റെ വലിയ ശിഖരങ്ങൾ വേനലവധി കാലത്ത് മുറിച്ചു നീക്കിയിരുന്നു. പിന്നീടാണ് കുളവികൾ ഇവിടെ കൂടുകൂട്ടിയത്. ഇലകളുടെ താഴെയായി ചെറുതും വലുതുമായ അഞ്ചിലേറെ കൂടുകളുണ്ട്. കുളവികൾ പെരുകിയതോടെ ദിവസംതോറും കൂടുകളുടെ വലുപ്പവും കൂടിവരികയാണ്. സ്‌കൂൾ പരിസരത്തും കുളവി പറന്നുനടക്കുന്നുണ്ട്. കുത്തുമോയെന്ന ഭീതിയാണ് എല്ലാവരും. ഇതുകാരണം കുട്ടികളെ പാർക്കിൽ കളിക്കാൻ വിടാൻപോലും ഭയപ്പെടുന്നതായി സ്‌കൂൾ ഹെഡ്മിസ്ട്രസ് മൈമുന പറഞ്ഞു. ഫയർഫോഴ്‌സ് അധികൃതരെ വിവരം അറിയിച്ചെങ്കിലും അവയെ നശിപ്പിക്കാനുള്ള അനുവാദമില്ലെന്ന് അവർ അറിയിച്ചു. പിന്നീട് സ്‌കൂൾ അധികൃതർ വനംവകുപ്പ് റാന്നി സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് അവിടെനിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളിൽ എത്തുമെന്ന് അറിയിച്ചെങ്കിലും ഒരാഴ്ച്ച പിന്നിട്ടിട്ടും ഇതുവരെ ആരും വന്നില്ല. കുളവികൾ കൂടുകെട്ടിയ ഇലകൾ കാറ്റത്ത് കൊഴിഞ്ഞു വീഴുമോയെന്നും സ്‌കൂൾ അധികൃതർ ഭയപ്പെടുന്നു. ഇതുകാരണം മൂന്ന് വയസുള്ള ചെറിയ കുട്ടികൾ ഉൾപ്പെടെ നാൽപ്പതോളം വിദ്യാർത്ഥികളും അദ്ധ്യാപകർ ഉൾപ്പെടെ എട്ടോളം ജീവനക്കാരും കുളവിയെ പേടിച്ച് കഴിയുകയാണ്.