
ഒരു കാലത്ത് സംസ്ഥാനത്ത് ചൂതാട്ടകേന്ദ്രങ്ങൾ സജീവമായിരുന്നു. രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ബിസിനസ് പ്രമുഖരുമൊക്കെ അടങ്ങുന്ന ചൂതാട്ട കേന്ദ്രങ്ങളെപ്പറ്റി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ചൂതാട്ട കേന്ദ്രങ്ങളിൽ പെട്ടവർ മാഫിയ ഇടപാടുകളിലേക്കും തിരിഞ്ഞിട്ടുണ്ട്. സമർത്ഥരായ പൊലീസ് ഒാഫീസർമാരുടെ ശക്തമായ നടപടികളിലൂടെ ഇത്തരം കേന്ദ്രങ്ങളെ ഇല്ലാതാക്കാൻ ശ്രമം ഉണ്ടായിട്ടുണ്ട്. അടുത്തകാലത്തായി ചൂതാട്ട കേന്ദ്രങ്ങളെപ്പറ്റി കേൾക്കാനേ ഇല്ലായിരുന്നു. എന്നാൽ, കഴിഞ്ഞയാഴ്ച പത്തനംതിട്ട ജില്ലാ പൊലീസ് ചീഫ് നടത്തിയ ചടുലമായ നീക്കത്തിലൂടെ കുമ്പനാട് പ്രവർത്തിച്ചുകൊണ്ടിരുന്ന ചൂതാട്ട കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ കുടുങ്ങിയത് ഉന്നതരാണ്. രണ്ട് പൊലീസ് ഒാഫീസർമാരും അതിലുണ്ടായിരുന്നു. ആകെ 11 പേരെ അറസ്റ്റു ചെയ്‌തു.
പൊലീസ് ചീഫ് നേരിട്ട് വീഡിയോ ദൃശ്യങ്ങളിലൂടെ പരിശോധനയും അറസ്റ്റും നിരീക്ഷിക്കുകയും ചെയ്തു. പത്തേകാൽ ലക്ഷത്തോളം രൂപയാണ് കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത്. വട്ടം കൂടിയിരുന്ന് പണം വച്ച് ചീട്ടുകളി നടത്തുകയായിരുന്നു സംഘം.
അടച്ചിട്ട മുറിയിലിരുന്ന് ചീട്ടുകളിക്കുന്നത് തെറ്റാണോ എന്നു ചോദിക്കുന്നവരുണ്ട്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായും വാദിക്കുന്നു. കേൾക്കുമ്പോൾ ന്യായമെന്ന് തോന്നും. പക്ഷെ, പണം വച്ച് ചീട്ടുകളി നിയമവിരുദ്ധമാണെന്ന് എല്ലാവർക്കും അറിയാം. പണം നേടിയെടുക്കുന്നവർ വലിയ മായിക ലോകത്തിലാണ്. പണം നഷ്ടപ്പെടുന്നവരുടെ കുടുംബം തകർന്ന എത്രയോ കേസുകൾ മുൻപുണ്ടായിട്ടുണ്ട്. പോയ പണം തിരികെപ്പിടിക്കാനുളള വാശിക്കിടെ കടക്കെണിയിലേക്ക് വീണുപോയവർ കരകയറാനാകാതെ വരുമ്പോൾ ജീവിതം അവസാനിപ്പിക്കുന്നു. നിരപരാധികളായ കടുംബങ്ങളുടെ ജീവിതവും പ്രതിസന്ധിയിലാകുന്നു. ഇതൊക്കെ കണ്ടാണ് പണം വച്ച് ചീട്ടുകളി സർക്കാർ നിരോധിച്ചിട്ടുളളത്.
കുണുക്കിട്ട കാലം
പോയ് മറഞ്ഞു
ഇപ്പോൾ പറമ്പുകളിൽ ഇരുന്ന് ചീട്ടുകളിക്കുന്നവരെ കാണാറില്ല. മദ്ധ്യതിരുവിതാംകൂറിൽ ഒാണത്തോടനുബന്ധിച്ച് സ്പോർട്സ്മാൻ സ്പിരിറ്റോടെ ചീട്ടുകളിക്കുന്നതും കാതിൽ കുണുക്കിട്ടിരിക്കുന്നവരും കൗതുക കാഴ്ചയായിരുന്നു. അതു കണ്ടുനിൽക്കാനും പ്രോത്സാഹിപ്പിക്കാനും ഏറെപ്പേരുണ്ടായിരുന്നു. ബുദ്ധികൊണ്ടുള്ള ആ മത്സരങ്ങൾക്ക് അപമാനമുണ്ടാക്കിയത് പണം വച്ചുള്ള ചീട്ടുകളിക്കാരായിരുന്നു. പിന്നീട് ചീട്ടുകളിക്കാരെ എവിടെക്കണ്ടാലും പൊലീസ് അടിച്ചോടിക്കുമായിരുന്നു. അതോടെ, ആ കളി പൊതുസ്ഥലങ്ങളിൽ നിന്ന് അപ്രത്യക്ഷമായി. എന്നാൽ, രഹസ്യ സങ്കേതങ്ങളിൽ പണക്കൊയ്ത്തിനുള്ള ചീട്ടുകളി നിർബാധം നടക്കുന്നുവെന്നതിന് അടുത്തിടെയുണ്ടായ തെളിവാണ് കുമ്പനാട്ടെ പൊലീസ് റെയ്ഡ്.
പരിശോധനയിൽ കുടുങ്ങിയത് 11പേരാണ് അറസ്റ്റിലായത്. ക്ളബിൽ അംഗത്വമെടുത്തവർ നിരവധിയുണ്ടെന്നാണ് വിവരം. ലഭ്യമായ കണക്കനുസരിച്ച് കുമ്പനാട്ടെ ക്ളബിൽ അഞ്ഞൂറോളം അംഗങ്ങളുണ്ട്. അംഗത്വം നൽകുന്നത് ഒരു ലക്ഷം രൂപ ഫീസ് വാങ്ങിയാണ്. ക്ളബ് അംഗങ്ങളായി സമ്പന്നരുടെ നീണ്ടനിര തന്നെയുണ്ട് . അറസ്റ്റിലായവരിൽ ഒരാൾ പത്തനംതിട്ട എ.ആർ. ക്യാമ്പ് എസ്. ഐ. എസ്.കെ അനിലാണ്. ഇയാൾക്കെതിരെ മുൻപും ആക്ഷേപങ്ങളുണ്ടായിട്ടുണ്ട്. റാന്നി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഒാഫീസറെ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരു മാസം മുൻപാണ് ക്യാമ്പിലേക്ക് മാറ്റിയത്. പാലക്കാട് പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ അനൂപ് കൃഷ്നാണ് മറ്റൊരു പൊലീസുകാരൻ. ഇരുവരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. പാലക്കാട്ടെ പാെലീസുകാരൻ കൊല്ലം ചവറ സൗത്ത് സ്വദേശിയാണ്. ഡ്യൂട്ടി ചെയ്യേണ്ട പല ദിവസങ്ങളിലും ഇരുവരും ചീട്ടുകളിയിലായിരുന്നുവത്രെ. പത്തനംതിട്ട, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ താമസക്കാരായവരും ക്ളബിലെ അംഗങ്ങളാണ്. അടുത്തിടെ ആദ്യമായാണ് ഉന്നതർ അംഗങ്ങളായുള്ള വലിയൊരു ചീട്ടുകളി കേന്ദ്രം പൊലീസ് റെയ്ഡ് ചെയ്യുന്നതും അറസ്റ്റ് നടത്തുന്നതും. കുമ്പനാട്ടെ ഒറ്റനില കെട്ടിടത്തിലെ മുറിയിൽ ഒരു മേശയ്ക്കു ചുറ്റും പന്ത്രണ്ടുപേർ വരെ ഇരുന്നു കളിക്കാവുന്ന നിലയിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിരുന്നത്. പരിശോധനയിൽ പ്രതികളുടെ മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. ക്ളബ് ഭാരവാഹികൾക്ക് ഉന്നത രാഷ്ട്രീയ ബന്ധമുണ്ട്. പാർട്ടികളുടെ പ്രധാന ഭാരവാഹികളും മുൻ ജനപ്രതിനിധികളും ചുമതലക്കാരാണ്.
ജീവകാരുണ്യത്തിന്റെ മറവിൽ
ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നവരാണ് തങ്ങളെന്ന് ക്ളബ് അംഗങ്ങൾ അവകാശപ്പെടുന്നു. നിർദ്ധനരുടെ വിവാഹം, കൊവിഡ് പ്രതിരോധ സഹായം, ഭവനനിർമാണം എന്നിവയാണ് ക്ളബിന്റെ ലക്ഷ്യങ്ങളെന്ന് അവർ വാദിക്കുന്നു. പൊലീസ് പരിശോധന നടത്തിയതും തങ്ങളെ അറസ്റ്റു ചെയ്തതും പൊതുജനമദ്ധ്യത്തിൽ അപമാനിക്കലാണെന്ന് പറഞ്ഞ് പ്രതിഷേധിക്കുന്നു.
അനധികൃത പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങളെയാണ് മറയാക്കുന്നത്. ഭീകരപ്രവർത്തനം നടത്തുന്നവർക്കു പോലും ജീവകാരുണ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സംഘടനകളുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ സംസ്ഥാനത്ത് രഹസ്യമായി ഇരുന്നൂറ് ചൂതാട്ട കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന വിവരം പുറത്തുവന്നിട്ടുണ്ട്.
നഗരങ്ങളിൽ ചൂതാട്ട കേന്ദ്രങ്ങൾ നിശബ്ദമായി വളരുന്നുണ്ടെന്ന വിവരങ്ങൾ പൊലീസ് തന്നെ ഒതുക്കി വയ്ക്കുന്നു. റെയ്ഡിന് പോയ പൊലീസുകാർ ചീട്ടുകളി സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരെ കണ്ട് സല്യൂട്ട് ചെയ്യുന്നത് സിനിമകളിൽ കാണിച്ചത് കൊച്ചിയിലും മറ്റ് പ്രധാന നഗരങ്ങളിലും നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. ശക്തമായ പൊലീസ് നടപടിയിലൂടെ ചൂതാട്ട കേന്ദ്രങ്ങൾ പൂട്ടിച്ചില്ലെങ്കിൽ പൊലീസ് - രാഷ്ട്രീയ - മാഫിയ കൂട്ടുകെട്ടിനുള്ള കളമൊരുക്കലാകും അത്.