1

അടൂർ: വെള്ളക്കുളങ്ങര - മണ്ണടി റോഡിൽ മാലിന്യങ്ങൾ തള്ളുന്നത് പ്രദേശവാസികൾക്ക് ദുരിതമാകുന്നു. റോഡരുകിൽ കാട് വളർന്ന് നിൽക്കുന്ന ഭാഗത്താണ് മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറിൽ കെട്ടി കൊണ്ട് തള്ളുന്നത്. ആശുപത്രിയിലെ പഞ്ഞി , മറ്റ് അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് കവറുകൾ, ശീതളപാനീയ കുപ്പികൾ, സാനിറ്ററി നാപ്കിൻതുടങ്ങി തൊട്ടതെല്ലാം റോഡരുകിൽ തളളുകയാണ്. ദൂരെ നിന്നും ബൈക്കിൽ എത്തുന്നവർ ആളൊഴിഞ്ഞ ഭാഗത്ത് എത്തുമ്പോൾ കവറിൽ നിറച്ച മാലിന്യം റോഡരുകിലേക്ക് വലിച്ചെറിയുന്നുണ്ട്. മാലിന്യം കടക്കുന്നത് മൂലം ഇവ തിന്നാനെത്തുന്ന തെരുവ് നായ്കൾ നാട്ടുകാർക്ക് മറ്റൊരു ബാദ്ധ്യതയാകുകയാണ്. മാലിന്യം കിടക്കുന്ന ഭാഗത്ത് പത്തിലധികം നായ്കൾ കൂട്ടമായാണ് കിടക്കുന്നത്. നായ്കൾ തമ്മിൽ റോഡിൽ കടിപിടി കൂടുന്നുണ്ട്. ഇതിനിടെ ഭീതിയോടെയാണ് ജനം യാത്ര ചെയ്യുന്നത്. വെള്ളക്കുളങ്ങര പാലത്തിന് സമീപം മുതൽ ചൂരക്കോട് വരെ ഒരു വശത്ത് മാലിന്യങ്ങൾ കുന്നു കൂടി കിടപ്പുണ്ട്. കാക്കകളും മറ്റും മാലിന്യം കൊത്തിവലിച്ച് സമീപത്തെ കിണറുകളിൽ കൊണ്ടിടുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ട് സുഷ്ടിക്കുന്നുണ്ട്.