
റാന്നി : ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മണിയാർ ഡാമിലേക്കുള്ള തൊണ്ടിക്കയം മണിയാർ റോഡ് തകർന്നു. ഒഴിവു ദിവസങ്ങളിൽ ഉൾപ്പെടെ നൂറു കണക്കിനു വിനോദ സഞ്ചരികൾ തൂക്കു പാലം കാണാനും മണിയാർ ഡാം കാണാനും ഇവിടെ എത്താറുണ്ട്. സഞ്ചാരികൾ കൂടുതലായി ആശ്രയിക്കുന്ന റോഡാണ് ഇത്തരത്തിൽ തകർന്നു കിടക്കുന്നത്. സഞ്ചാരികൾക്ക് പുറമെ പെരുനാട് -മണിയാർ ചിറ്റാർ ഭാഗത്തേക്കുള്ള നിരവധി വാഹനങ്ങളും ഈ വഴി ഉപയോഗിക്കാറുണ്ട്. പൊളിഞ്ഞു കിടക്കുന്ന റോഡിനു പുറമെ ഡാമിനോട് ചേർന്ന് പുഴയുടെ ഭാഗത്ത് അപകട മുന്നറിപ്പ് നൽകാനായി പ്ലാസ്റ്റിക് വള്ളി വലിച്ചു കെട്ടിയിരിക്കുകയാണ്. ആളുകൾ കൂടുതൽ എത്തുന്ന മേഖലയായിട്ടും വശങ്ങളിൽ അപകടം ഒഴിവാക്കുന്ന രീതിയിലുള്ള സംരക്ഷണ ഭിത്തി ഇതുവരെയും നിർമ്മിച്ചിട്ടില്ല. മൊബൈലിൽ ചിത്രങ്ങൾ പകർത്താനും മറ്റും ആളുകൾ ഡി.ആറിന് മുകളിൽ കയറുന്നതും പതിവാണ്. ഈ ഭാഗങ്ങളിൽ അപകടത്തിനു സാദ്ധ്യത ഏറെയാണ്. ജില്ലാ ടൂറിസം പ്രൊമോഷന്റെ പാർക്കുകൾ ഉൾപ്പടെയുള്ള നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും പലതും പാതിവഴിയിലാണ്. ജില്ലയിലെ വിവിധ ടൂറിസം സാദ്ധ്യതകൾ ഇത്തരത്തിൽ അവഗണിക്കപ്പെടുകയാണ്. അടവിയും കുട്ടവഞ്ചി സവാരിയും - കോന്നി ആനകൂടും - മണിയാർ ഡാമും പെരുന്തേനരുവി വെള്ളച്ചാട്ടവും കോർത്തിണക്കി ജില്ലയിലെ ടൂറിസത്തിനു ഉണർവേകാൻ വിവിധ പദ്ധതികൾ തയാറാക്കിയെങ്കിലും ഒന്നും നടപടിയായിട്ടില്ല.