അടൂർ : ബൈപ്പാസ് റൈഡർ കെ.എസ്.ആർ.ടി.സി അടൂർ സ്റ്റാൻഡിൽ കയറാത്തത് യാത്രക്കാരെ വലക്കുന്നു. ഓരോ മണിക്കൂർ ഇടവിട്ടാണ് തിരുവനന്തപുരം കോഴിക്കോട് റൂട്ടിൽ ബൈപ്പാസ് റൈഡർ ബസ് സർവീസ് നടത്തുന്നത്. ഇതിനായി സ്വിഫ്റ്റ് ബസാണ് ഉപയോഗിക്കുന്നത്. ഓൺലൈൻ വഴിയും ഡിപ്പോയിൽ എത്തിയും ബൈപ്പാസ് റൈഡറിന് സീറ്റ് ബുക്ക് ചെയ്യാൻ കഴിയും. എന്നാൽ സ്റ്റാൻഡിൽ കയറാത്തതിനാൽ ഹൈസ്കൂൾ ജംഗ്ഷനിൽ എത്തിയാണ് യാത്രക്കാർ ബസിൽ കയറുന്നത്. അടൂർ ഡിപ്പോയിൽ എത്തിയും ബുക്ക് ചെയ്യാൻ കഴിയുന്നതിനാൽ ബുക്ക് ചെയ്യുന്ന യാത്രക്കാർ മറ്റൊരു ബസിൽ കയറി രണ്ട് കിലോമീറ്റർ സഞ്ചരിച്ച് ഹൈസ്കൂൾ ജംഗ്ഷനിൽ എത്തി വേണം ഈ ബസിൽ കയറി യാത്ര ചെയ്യാൻ. മിന്നൽ സർവീസിനും അടൂരിൽ സ്റ്റോപ്പില്ല. കൊട്ടാരക്കര കഴിഞ്ഞാൽ പിന്നെ കോട്ടയത്താണ് മിന്നൽ സർവീസിന് സ്റ്റോപ്പുള്ളത്. ജില്ലയിൽ മിന്നൽ സർവീസിന് സ്റ്റോപ്പില്ലാത്തതിനാൽ ജില്ലയിൽ നിന്നുള്ള യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. മലയോരമേഖലയായ ജില്ലയിൽ എം.സി റോഡിന്റെ ഓരത്ത് സ്ഥിതിചെയ്യുന്ന അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മിന്നൽ സർവീസിന് സ്റ്റോപ്പ് അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.