subala

പത്തനംതിട്ട : മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും എങ്ങുമെത്താതെ അബലയായിത്തന്നെ തുടരുകയാണ് പത്തനംതിട്ട വെട്ടിപ്രത്തുള്ള സുബലാ പാർക്ക്. പട്ടികജാതി വിഭാഗത്തിലെ വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി ആവിഷ്‌കരിച്ച പദ്ധതിയാണ് സുബലാ ടൂറിസം പദ്ധതി. പട്ടികജാതിവകുപ്പ് സംസ്ഥാനത്ത് തന്നെ ആദ്യമായി ആരംഭിച്ച പദ്ധതിയാണിത്. നിർമ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് മൂന്ന് വർഷം മുമ്പ് പുനർനിർമാണം തുടങ്ങിയത്. കുടിശിക വന്നതോടെ പണികൾ നിറുത്തിവയ്ക്കുകയായിരുന്നു. ഇവിടെ നേരത്തെ ഉണ്ടായിരുന്ന കുളം വിസ്തൃതി കൂട്ടുകയും ചുറ്റും മൂന്നുമീറ്റർ വീതിയിൽ നടപ്പാത നിർമ്മിക്കാനുമുള്ള പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ല. കരിങ്കല്ലുകൊണ്ട് ചുറ്റോടുചുറ്റും ഭിത്തികെട്ടാനായിരുന്നു പദ്ധതി. ഒരുവശത്തെ ഭിത്തി ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. വെള്ളം ഒഴുകുന്ന ചാൽ, ഓഡിറ്റോറിയം നവീകരണം, കിച്ചൻ ബ്‌ളോക്ക് എന്നിവയുടെ പണി തുടങ്ങിയെങ്കിലും പൂർത്തിയായിട്ടില്ല. ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ 2020 മാർച്ച് 31ന് ഉള്ളിൽ പൂർത്തി​യാക്കുമെന്നാണ് പറഞ്ഞിരുന്നത്. 2023 എത്തിയാലും പണി പൂർത്തിയാകുമെന്ന് യാതൊരു ഉറപ്പുമില്ല.


നിർമ്മാണം മൂന്ന് ഘട്ടം

മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നിർമ്മാണം. 2.94 കോടി രൂപയാണ് ഒന്നാം ഘട്ട നിർമ്മാണത്തിന് അനുവദിച്ചത്. ഇതിൽ 1.16 കോടി രൂപയുടെ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.


ഗേറ്റ് വേ, കൺവെൻഷൻ സെന്റർ, കിച്ചൺ ബ്ലോക്ക്, ഡ്രെയിനേജ്, കോഫീ ഏരിയ, ബോട്ടിംഗ്, എക്‌സിബിഷൻ സ്‌പേസ്, കംഫർട്ട് സ്റ്റേഷൻ, ഷട്ടിൽ കോർട്ട്, കുളസംരക്ഷണ പ്രവർത്തനങ്ങൾ, തീയേറ്റർ, ഗെയിമിംഗ് ബ്ലോക്ക്, ഗ്രീൻ റൂം, കുട്ടികളുടെ പാർക്ക്, പൂന്തോട്ടം, ചുറ്റുമതിൽ തുടങ്ങിയ വലിയ പദ്ധതി​കളാണ് സുബല പാർക്കിന്റെ മാസ്റ്റർ പ്ലാനിലുള്ളത്.


2020ൽ ആക്ഷൻ പ്ലാൻ

സുബലാ പാർക്ക് നിർമ്മാണം ആറ് മാസത്തിനുളളിൽ പൂർത്തീകരിക്കാൻ വീണാജോർജ് എം.എൽ.എയുടെ നേതൃത്വത്തിൽ 2020ൽ ആക്ഷൻ പ്ലാൻ തയാറാക്കിയിരുന്നു. എന്നാൽ പദ്ധതി മുമ്പോട്ട് പോയില്ല. നിലവിൽ മഴ കാരണം നിർമ്മാണം നടത്താൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. പാർക്കിനരികിലുള്ള തോട്ടിലെ വെള്ളം തടഞ്ഞാണ് കുളം നിർമ്മിച്ചിരുന്നത്. ഈ കുളത്തിൽ ബോട്ട് സവാരി നടത്താനാണ് ശ്രമം. ഒരു ബോട്ട് ഹൗസും ഇതിനായി നിർമ്മിക്കുന്നുണ്ട്.