
പത്തനംതിട്ട : മൂന്നര പതിറ്റാണ്ട് മുൻപ് സി.പി.ഐയുടെ ആദ്യ ജില്ലാ സമ്മേളനം പത്തനംതിട്ട നഗരത്തിലായിരുന്നു. ദീർഘ വർഷങ്ങൾക്കു ശേഷം രണ്ടാമതും ജില്ലാ സമ്മേളനത്തിന് നഗരം ചുവപ്പണിയുന്നു. നിരത്തുകളിൽ സമ്മേളനത്തിന്റെ വരവറിയിച്ച് പ്രചരണ ബോർഡുകൾ ഉയർന്നു. ആഗസ്റ്റ് അഞ്ച്, ആറ്, ഏഴ് തീയതികളിലാണ് ജില്ലാ സമ്മേളനം. അഞ്ചിന് വൈകിട്ട് നാലിന് സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്ന് നഗരം ചുറ്റി പതിനായിരങ്ങളുടെ ബഹുജന റാലിയോടെ സമ്മേളനത്തിന് തുടക്കമാകും. ഏഴ് മേഖലാ ജാഥകളാണ് സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ സംഗമിക്കുന്നത്.
സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റംഗവും എ.ഐ.ടി.യു.സി ദേശീയ സെക്രട്ടറിയുമായ അമൽജിത് കൗർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ആറ്, ഏഴ് തീയതികളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 280 പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.
കെ റെയിലിനെതിരെ മണ്ഡലം സമ്മേളനങ്ങളിൽ ഉയർന്ന വിമർശനങ്ങൾ ജില്ലാ സമ്മേളനത്തിലും പ്രതിഫലിച്ചേക്കും. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങളും ചർച്ച ചെയ്യും.
മണ്ഡലം കമ്മിറ്റികൾ പത്തായി
ഏഴായിരുന്ന മണ്ഡലം കമ്മിറ്റികൾ പത്തായി ഉയർന്നു. റാന്നി വിഭജിച്ച് കോട്ടാങ്ങൽ പുതിയ മണ്ഡലം കമ്മറ്റി രൂപീകരിച്ചു. അടൂർ വിഭജിച്ച് പന്തളം, കോന്നി വിഭജിച്ച് കൂടൽ എന്നീ കമ്മിറ്റികളും നിലവിൽ വന്നു.
എ.പി ജയൻ തുടരാൻ സാദ്ധ്യത
സി.പി.ഐ ജില്ലാ സെക്രട്ടറിയായി എ.പി.ജയൻ തുടർന്നേക്കുമെന്ന് സൂചനയുണ്ട്. പാർട്ടിയുടെ പുതുക്കിയ ഭരണഘടന പ്രകാരം 65 വയസിൽ താഴെയുള്ളവർക്ക് തുടർച്ചയായി മൂന്ന് തവണ സെക്രട്ടറിയാകാം. 55 കാരനായ ജയൻ തുടരെ രണ്ടാം ടേം പൂർത്തീകരിക്കുകയാണ്.
അംഗബലം കൂടി
ജില്ലയിൽ സി.പി.ഐയുടെ അംഗബലം കൂടിയതായി നേതൃത്വം അവകാശപ്പെടുന്നു. കണക്ക് സമ്മേളനത്തോടനുബന്ധിച്ച് പുറത്തുവിടും. പാർട്ടി പ്രവർത്തനം ഇല്ലാതിരുന്ന സ്ഥലങ്ങളിൽ കമ്മിറ്റികൾ രൂപീകരിച്ചു. മറ്റ് പാർട്ടികളിൽ നിന്ന് നേതാക്കൾ അടക്കമുള്ളവർ സി.പി.ഐയിലെത്തി. പുതിയ ജില്ലാ കൗൺസിലിലും എക്സിക്യൂട്ടീവിലും യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം ലഭിച്ചേക്കും.