1
രശ്മിമോൾ

മല്ലപ്പള്ളി :പുറമറ്റം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റായി യു.ഡി.എഫിലെ രശ്മിമോൾ കെ. വി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഭരണം യു.ഡി.എഫിന് ലഭിച്ചു. രശ്മിമോളുടെ പേര് ഗ്രാമപഞ്ചായത്ത് അംഗം വിനീത് കുമാർ നിർദ്ദേശിച്ചു, ജോളി ജോൺ പിന്താങ്ങി. എൽ. ഡി.എഫിലെ ശോശാമ്മ തോമസിനെയാണ് പരാജയപ്പെടുത്തിയത്.ശോശാമ്മ തോമസിന്റെ പേര് ഗ്രാമപഞ്ചായത്ത് അംഗം കെ. ഒ.മോഹൻദാസ് നിർദ്ദേശിച്ചു, സാബു ബെഹനാൻ പിന്താങ്ങി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൗമ്യാ ജോബി ഉൾപ്പടെ ഏഴ് യു.ഡി.എഫ് അംഗങ്ങളുടെ വോട്ടുകൾ രശ്മിമോൾക്ക് ലഭിച്ചു.ശോശാമ്മ തോമസിന് ആറ് വോട്ട് ലഭിച്ചു. യു.ഡി.എഫ് അംഗങ്ങൾ വൈസ് പ്രസിഡന്റ്‌ ശോശാമ്മ തോമസിനെതിരെ നൽകിയ ആവിശ്വാസ പ്രമേയം പാസായതിനെ തുടർന്നാണ് വൈസ് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് നടന്നത്.സ്വതന്ത്രയായി വിജയിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സൗമ്യാ ജോബിക്ക് എതിരെ നേരത്തെ എൽ. ഡി. എഫ് കൊണ്ടുവന്ന ആവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു. തുടർന്ന് പ്രസിഡന്റ്‌ യു.ഡി.എഫിനോട്‌ ചേർന്നിരുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ യു.ഡി.എഫിന് ലഭിച്ചതോടെ പുറമറ്റം ഗ്രാമപഞ്ചായത്ത് ഭരണം എൽ. ഡി. എഫിന് നഷ്ടമായി. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഇതേ രീതിയിൽ നാല് യു.ഡി.എഫ് അംഗങ്ങൾ എൽ.ഡി. എഫിനോട്‌ ചേർന്ന് ഭരണം പിടിച്ചിരുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം സമാനമായ രീതിയിലാണ് യു. ഡി. എഫിന് ഭരണം ലഭിച്ചത്. സംഘർഷ സാദ്ധ്യതയുള്ളതിനാൽ ഹൈക്കോടതി ഉത്തരവ് പ്രകാരം യു. ഡി. എഫ്. അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും വൻ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. പുല്ലാട് അഗ്രിക്കൾച്ചർ അസി:ഡയറക്ടർ അമ്പിളിയായിരുന്നു റിട്ടേണിംഗ് ഓഫീസർ.