അടൂർ : സുരക്ഷാ ഇടനാഴിയായി പ്രഖ്യാപിച്ച എം.സി റോഡിൽ തിരുവനന്തപുരം കഴിഞ്ഞാൽ സർക്കാർ തലത്തിൽ സ്പെഷ്യാലിറ്റി സംവിധാനമുള്ളത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയാണ്. അപകടങ്ങളിൽ പരിക്കേൽക്കുന്ന രോഗികൾക്ക് പലപ്പോഴും സർക്കാർ ആശുപത്രികളിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. ഇവിടങ്ങളിൽ എത്തിച്ചേരുന്നതിനുള്ള സമയദൈർഘ്യം വഴി യാത്രാമദ്ധ്യേ പൊലിഞ്ഞിട്ടുള്ളത് നൂറ് കണക്കിന് ജീവനുകളാണ്. ഇത് മുന്നിൽ കണ്ടാണ് കെ.എസ്.ടി.പി ലഭ്യമാക്കിയ ഫണ്ട് വിനിയോഗിച്ച് അടൂർ ജനറൽ ആശുപത്രിയിൽ ട്രോമോ കെയർ യൂണിറ്റ് സജ്ജമാക്കിയത്. 2020 ഫെബ്രുവരി 16നാണ് ജനറൽ ആശുപത്രിയിലെ അത്യന്താധുനികമായ ട്രോമോകെയർ വിഭാഗം ഉദ്ഘാടനം ചെയ്തത്. 5.85 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഇൗ യൂണിറ്റ് നാളിതുവരെ പ്രവർത്തിപ്പിക്കാനായിട്ടില്ല. ഐ.സി.യു,സി.ടി സ്കാനർ, ഐ.സി.യു ആംബുലൻസ്, എമർജൻസി ഒാപ്പറേഷൻ തീയറ്റർ, നിരീക്ഷണവാർഡുകൾ, വെന്റിലേറ്ററുകൾ തുടങ്ങി എല്ലാ അത്യാധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ട്രോമോ കെയർ യൂണിറ്റുകൾ സജ്ജമായതോടെ തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായ പരിക്കേൽക്കുന്നവർക്ക് യഥാസമയം ചികിത്സ ലഭ്യമാക്കാൻ കഴിയുമെന്നായിരുന്നു ലക്ഷ്യം. ട്രോമോകെയർ യൂണിറ്റ് 24 മണിക്കൂറും പ്രവർത്തിക്കണമെങ്കിൽ ന്യൂറോ സർജൻ, കാർഡിയോളജിസ്റ്റ്, 2 അനസ്തെസ്റ്റിക്, 2 ഒാർത്തോവിഭാഗം ഡോക്ടർമാർ, 6 നഴ്സുമാരും നഴ്സിംഗ് അസിസ്റ്റന്റും വേണം. ഇത്തരമൊഴിവുകൾ നികത്താത്തതോടെ ഇപ്പോൾ എമർജൻസി വിഭാഗമായി മാത്രം ഒതുങ്ങുകയും ഗരുതരമായി പരിക്കേൽക്കുന്നവരെ മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് അയയ്ക്കുന്ന പതിവ് നടപടികളുമാണ് ഇപ്പോഴും നടന്നുവരുന്നത്.
ആരോഗ്യ മന്ത്രിയുടെ വാക്കും പാഴ് വാക്കായി
ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് അടുത്തിടെ ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി സംവിധാനങ്ങൾ വിലയിരുത്തുകയും എത്രയും വേഗം ട്രോമോകെയർ സംവിധാനം പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടി ഉണ്ടാകുമെന്ന ഉറപ്പും അതിനാവശ്യമായ നിർദ്ദേശവും നൽകിയാണ് മടങ്ങിയത്. എന്നാൽ ആ ഉറപ്പ് പാഴായി. ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന പാതയെന്ന നിലയിൽ ജനറൽ ആശുപത്രിയിൽ സജ്ജമാക്കിയ സംവിധാനങ്ങൾ പ്രവർത്തനയോഗ്യമാക്കുന്നതിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന അനാസ്ഥയാണ് അപകടങ്ങളിലൂടെയുള്ള മരണങ്ങളുടെ എണ്ണം അനുദിനം വർദ്ധിക്കുന്നത്.
..............................
ട്രോമോ കെയർ യൂണിറ്റിന് 5.85 കോടി രൂപ ചെലവ്