sndp
ബഫർ സോണിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ കളക്ടറേറ്റിന് മുന്നിൽ നടത്തിയ കൂട്ടധർണ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : ബഫർ സോണിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ മലയോരവാസികളുടെ പ്രതിഷേധം ഇരമ്പി. അബാൻ ജംഗ്ഷനിൽ നിന്ന് സ്ത്രീകളടക്കം അഞ്ഞൂറോളം പേർ പങ്കെടുത്ത പ്രകടനം കളക്ടറേറ്റിന് മുന്നിൽ സമാപിച്ചു. മലയോര ജനതയുടെ വേദന കേന്ദ്ര,സംസ്ഥാന സർക്കാരുകൾ കാണണമെന്നും അവരെ സ്വന്തം നാട്ടിൽ ജീവിക്കാൻ അനുവദിക്കണമെന്നും കൂട്ടധർണ ഉദ്ഘാടനം ചെയ്ത എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ആവശ്യപ്പെട്ടു. ബഫർ സോണിന്റെ പേരിൽ നാട് വിടേണ്ട സാഹചര്യം ആത്മഹത്യാപരമാണ്. വനവും മൃഗങ്ങളെയും സംരക്ഷിക്കുന്നവരാണ് മലയോര ജനത. അനധികൃതമായി ഫ്ളാറ്റും ക്വാറികളും നിർമ്മി​ക്കുന്നവർക്കെതിരെ സർക്കാർ നടപടിയെടുക്കുന്നില്ല. മലയോര ജനതയെ സംരക്ഷി​ക്കാനുളള പോരാട്ടം എസ്.എൻ.ഡി.പി യോഗം തുടരും. വെളളാപ്പളളി നടേശന്റെ കരുത്തുറ്റ നേതൃത്വം നയിക്കുന്ന പ്രസ്ഥാനം മലയോരത്തു നിന്ന് ഒരാളെയും ഇറക്കിവിടാൻ അനുവദിക്കില്ല. നിയമപരവും സംഘടനാപരവുമായ പോരാട്ടം എസ്.എൻ.ഡി.പി യോഗം തുടരുമെന്ന് പദ്മകുമാർ പറഞ്ഞു.

പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കിഫ ലീഗൽ സെൽ ഡയറക്ടർ ജോണി കെ.ജോർജ് മുഖ്യപ്രഭാഷണം നടത്തി. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, ഡയറക്ടർ ബോർഡംഗം സി.എൻ.വിക്രമൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, കൗൺസിലർമാരായ എസ്.സജിനാഥ്, പി.വി.രണേഷ്, പി.സലിംകുമാർ, ജി.സോമനാഥ്, മൈക്രോഫിനാൻസ് കോർഡിനേറ്റർ കെ.ആർ.സലിലനാഥ്, കിഫ ജില്ലാ പ്രസിഡന്റ് ജോണി കാലായിൽ തുടങ്ങിയവർ സംസാരിച്ചു.