അടൂർ: വർഷങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ പുതിയ നഗരസഭാ കാര്യാലയത്തിന്റെയും ബസ് ടെർമിനലിന്റെയും നിർമ്മാണത്തിന് മുന്നോടിയായി സ്ഥാന നിർണയം നടത്തി. അഞ്ച് വർഷം മുൻപ് വിഭാവന ചെയ്ത പദ്ധതി തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ കുരുക്കിൽപ്പെട്ടിരിക്കുകയായിരുന്നു. ഇന്നലെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്ഥാനമുറപ്പിച്ച് കുറ്റിയടിച്ചതോടെ നിർമ്മാണോദ്ഘാടനം വിപുലമായ പരിപാടികളോടെ അടുത്തയാഴ്ച നടക്കും. നഗരസഭ ചെയർമാൻ ഡി.സജി അദ്ധ്യക്ഷനായിരുന്നു. വൈസ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ്,സ്ഥിരം സമിതി ചെയർമാൻമാരായ അജി.പി. വർഗീസ്, സിന്ധു തുളസീധരക്കുറുപ്പ്, റോണി പാണംതുണ്ടിൽ, ബീനാബാബു, എം.അലാവുദ്ദീൻ, സി.പി.ഐ ജില്ലാസെക്രട്ടറി എ.പി.ജയൻ, സി.പി.എം ഏരിയാസെക്രട്ടറി അഡ്വ.എസ്.മനോജ് എന്നിവർ പങ്കെടുത്തു. ബൈപ്പാസ് റോഡിനോട് ചേർന്നുള്ള നിലവിലെ മുനിസിപ്പൽ ബസ് സ്റ്റാൻഡിലാണ് നഗരസഭയുടെ പുതിയ ഒാഫീസ് സമുച്ചയവും ബസ് ടെർമിനലും ഉയരുക. കെട്ടിടം പണിയാനുള്ള തദ്ദേശവകുപ്പിന്റെ അനുമതി 2020 സെപ്തംബറിൽ ലഭിച്ചതാണ്. 2017 - 18 വർഷത്തിൽ 90 ലക്ഷം രൂപ പണികൾക്കായി നഗരസഭ അനുവദിച്ചിരുന്നു. 12 കോടിരൂപ വായ്പകൂടിയെടുത്ത് പുതിയ കെട്ടിടം നിർമ്മിക്കാനായിരുന്നു തീരുമാനം. നിലം നികത്തിയെടുത്ത സ്ഥലം എന്നതിനാൽ തണ്ണീർത്തട സംരക്ഷണ സമിതിയുടെ അനുമതി ലഭിക്കാത്തതിനാൽ പണി നീണ്ടുപോയി. കെട്ടിടത്തിന്റെ രൂപരേഖയിൽ മാറ്റം വരുത്തിയതോടെയാണ് തടസങ്ങളൊഴിഞ്ഞത്. പഞ്ചായത്ത് രൂപീകൃതമായ കാലത്ത് നിർമ്മിച്ച കെട്ടിടത്തിലാണ് നഗരസഭാ കാര്യാലയം പ്രവർത്തിക്കുന്നത്. നഗരസഭയ്ക്ക് മൂന്നുനിലകെട്ടിടമാണ് ഉയരുക. 22,749 ചതുരശ്രയടിയിൽ ബസ് ടെർമിനലും ബസ് കാത്തിരിപ്പു കേന്ദ്രവും കടമുറികളും ഇതിനൊപ്പം ഉണ്ടാകും.