റാന്നി: റാന്നി വലിയ പാലത്തിൽ നിന്ന് പമ്പാനദിയിലേക്ക് ചാടിയ വീട്ടമ്മയ്ക്ക് വേണ്ടി തെരച്ചിൽ തുടരുന്നു. ഞായറാഴ്ച രാത്രി 9 മണിക്ക് ശേഷമാണ് പന്തളം മണക്കാല കളവേലി തെക്കേതിൽ ശിവശങ്കരപിള്ളയുടെ ഭാര്യ ജയലക്ഷ്മി (44) നദിയിലേക്ക് ചാടിയത്. രാത്രിയിൽ പാലത്തിന്റെ കൈവരിയിലിരിക്കുന്ന സ്ത്രീയെ കണ്ട് കാറിൽ വന്ന യാത്രക്കാർ വണ്ടി നിറുത്തിയപ്പോഴേക്കും ചാടിയതായി പറയുന്നു. പാലത്തിന്റെ കരയിൽ കണ്ട പേഴ്‌സിൽ നിന്ന് ലഭിച്ച ഫോൺ നമ്പരിൽ ബന്ധപ്പെട്ടാണ് പൊലീസ് ബന്ധുക്കളെ കണ്ടെത്തിയത്. പൊലീസും ഫയർ ഫോഴ്സും തെരച്ചിൽ തുടരുകയാണ്. മകൻ പഠിക്കുന്ന വെച്ചൂച്ചിറ നവോദയ സ്കൂളിൽ മകന് വാങ്ങിയ ഷൂ കൊടുക്കുവാൻ പോയതാണന്നാണ് ബന്ധുക്കൾ പറയുന്നത്. വീടിനടുത്ത് ബേക്കറി നടത്തി വരികയായിരുന്നു ജയലക്ഷ്മി.