ചെങ്ങന്നൂർ: വരട്ടാർ പുനരുജ്ജീവനത്തിന്റെ ഭാഗമായി വർഷങ്ങൾക്ക് മുമ്പ് പൊളിച്ച ചപ്പാത്തിന് പകരം പാലമായില്ല. ഇടനാടിനെയും, കോയിപ്രത്തെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന പാലമായിരുന്നു നാട്ടുകാർക്ക് ഈ ചപ്പാത്ത്. നദിയുടെ ഒഴുക്ക് തടസപ്പെടുത്തുന്നതിനാൽ 2017 ജൂണിലാണ് പൊളിച്ചത്. ചപ്പാത്തിന് പകരം വഞ്ഞിപ്പോട്ടിൽക്കടവിനു സമീപം പാലം നിർമ്മിക്കുമെന്നാണ് അന്ന് അധികൃതർ പറഞ്ഞത്. പുത്തൻകാവ്, ചേലൂർക്കടവ് പാലങ്ങൾ ഇടനാട്ടുകാർക്കും, ആറാട്ടുപുഴ പാലം കോയിപ്രത്തുകാർക്കും പ്രയോജനപ്പെടുന്നതിനാൽ ചപ്പാത്ത് വേണ്ടെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. പണ്ട് ഇടനാട്ടിലേക്ക് എത്താനായി ആദ്യം നിർമ്മിച്ചത് പുത്തൻകാവ് തൂക്കുപാലമായിരുന്നു. ഇതിലൂടെ വാഹനങ്ങൾ കടന്നു പോകുമായിരുന്നില്ല. പിന്നീട് വന്ന ചപ്പാത്തായിരുന്നു ഇടനാട്ടുകാർക്കും, കോയിപ്രംകാർക്കും അക്കരയിക്കരെ കടക്കാനുള്ള പ്രധാന ആശ്രയം.
ചപ്പാത്ത് ഇല്ലാതായതോടെ 200 മീറ്റർ മാത്രം അകലെയുള്ള കോയിപ്രത്തേക്കു കടക്കാൻ ഇടനാട്ടുകാർ എം.കെ. റോഡിലൂടെ പുത്തൻകാവ്, ആറാട്ടുപുഴ വഴി നാലു കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടി വരുന്നു. ആദിപമ്പയിൽ ജലനിരപ്പുയരുന്ന കാലത്തു പോലും ചപ്പാത്തിലൂടെ അക്കരെയിക്കരെ കടന്നിരുന്നതായി നാട്ടുകാരനായ പ്രവീൺകുമാർ പറയുന്നു. അത്യാവശ്യ കാര്യങ്ങൾക്ക് ഇരുചക്രവാഹനത്തിലോ, കാറിലോ കോയിപ്രത്തേക്ക് വേഗത്തിൽ എത്താൻ കഴിയുമായിരുന്നു.
"പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കണം. അഞ്ചു വർഷമായി ഇടനാട്ടുകാർ ബദൽ സംവിധാനമില്ലാതെ ബുദ്ധിമുട്ടുകയാണ്. രണ്ടു കരകൾ തമ്മിലുള്ള ബന്ധവും ചപ്പാത്ത് പൊളിച്ചതോടെ മുറിഞ്ഞു."
മനീഷ് കീഴാമഠത്തിൽ
ഇടനാട് കൗൺസിലർ