തിരുവല്ല: മർച്ചന്റസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വ്യാപാരികളുടെ ഓണം ട്രേഡ് ഫെസ്റ്റും സമ്മാനപ്പെരുമഴയും ആഗസ്റ്റ് ഒന്നുമുതൽ സെപ്തംബർ 15വരെ തിരുവല്ലയിൽ നടക്കും. 29ന് വൈകിട്ട് 4ന് അശോക് ഹോട്ടലിൽ ട്രേഡ് ഫെസ്റ്റിന്റെയും സൗജന്യ സമ്മാനകൂപ്പൺ വിതരണത്തിന്റെയും ഉദ്ഘാടനം മാത്യു റ്റി.തോമസ് എം.എൽ.എ. നിർവഹിക്കും.നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വർഗീസ്, പത്മശ്രീ ഡോ.കുര്യൻജോൺ മേളാംപറമ്പിൽ, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാപ്രസിഡന്റ് എ.ജെ.ഷാജഹാൻ എന്നിവർ മുഖ്യാതിഥികളാകും. പ്രളയവും കൊവിഡും മൂലം കടുത്ത വ്യാപാരമാന്ദ്യവും സാമ്പത്തികപ്രതിസന്ധിയും നേരിട്ട വ്യാപാരവ്യവസായ മേഖലയ്ക്ക് ഉണർവേകുന്നതിനും ഉപഭോക്താക്കൾക്ക് ഷോപ്പിംഗ് ആഘോഷപൂർവം ആസ്വദിക്കുന്നതിനും വിലപ്പെട്ട സമ്മാനങ്ങൾ കരസ്ഥമാക്കുന്നതിനുമാണ് ഇത്തവണത്തെ ഓണം മഹാമേള സംഘടിപ്പിച്ചിരിക്കുന്നതെന്ന് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം. സലിം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റുഭാരവാഹികളായ എം.കെ.വർക്കി,മാത്യൂസ് കെ.ജേക്കബ്,ഷിബു പുതുക്കേരിൽ,രഞ്ജിത് ഏബ്രഹാം,എം.ആർ.ശ്രീനിവാസൻ,ബിനു ഏബ്രഹാം കോശി, പി.എസ്.നിസ്സാമുദ്ദിൻ, ആർ.ജനാർദ്ദനൻ,ജോൺസൺ തോമസ്,സിബി തോമസ് എന്നിവർ പങ്കെടുത്തു.
സമ്മാനപ്പെരുമഴ
45 ദിവസത്തെ ഓണം ട്രേഡ് ഫെസ്റ്റിന് തിരുവല്ല പട്ടണത്തിലും സമീപങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങളിൽനിന്ന് ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കൾക്ക് മർച്ചന്റ്സ് അസോസിയേഷന്റെ സൗജന്യ സമ്മാനകൂപ്പണുകൾ ലഭ്യമാക്കും. ഈ കൂപ്പൺ നറുക്കെടുപ്പിൽ വിജയികളാകുന്നവർക്ക് ബമ്പർ സമ്മാനങ്ങളായി രണ്ടുപേർക്ക് കാറുകൾ, മറ്റുള്ളവർക്ക് സ്കൂട്ടർ, ലാപ്ടോപ്പ്,എ.സി,ഫ്രിഡ്ജ്,എൽ.ഇ.ഡി. ടി.വി,വാഷിംഗ് മെഷിൻ,സോഫാസെറ്റ്, മൊബൈൽ ഫോൺ,ഫുഡ് പ്രോസസർ,ഇൻഡക്ഷൻ കുക്കർ എന്നിങ്ങനെ നൽകും.കൂടാതെ ആഴ്ചതോറുമുള്ള നറുക്കെടുപ്പിലെ വിജയികൾക്ക് സ്വർണനാണയങ്ങൾ, സീലിംഗ് ഫാനുകൾ, പ്രഷർകുക്കറുകൾ,നോൺസ്റ്റിക് പാനുകൾ,ഡിന്നർ സെറ്റുകൾ,സാരികൾ,ഡബിൾ മുണ്ടുകൾ തുടങ്ങി വലുതും ചെറുതുമായ ഒട്ടനവധി പ്രോത്സാഹന സമ്മാനങ്ങളും നൽകും. വ്യാപാരമേളയിൽ സ്ഥാപനങ്ങൾക്കും പ്രത്യേക സമ്മാനങ്ങളുണ്ട്. സ്ഥാപനങ്ങൾക്കായി അത്തപ്പൂവിടീൽ മത്സരത്തിലെ വിജയികൾക്ക് പ്രത്യേകസമ്മാനങ്ങൾ നൽകും.മികച്ച ദീപാലങ്കാരത്തിന് സ്ഥാപനങ്ങൾക്ക് ട്രോഫികൾ നൽകും.