ചെങ്ങന്നൂർ: ആദിപമ്പ- വരട്ടാർ നവീകരണത്തിന്റെ പേരിൽ നടത്തുന്ന മണൽക്കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ചെങ്ങന്നൂർ ബ്ലോക്ക് കമ്മിറ്റി ഇന്ന് ചെങ്ങന്നൂർ ആർ.ഡി.ഒ. ഓഫീസിനു മുന്നിൽ ധർണ നടത്തുമെന്ന് ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ് പത്രസമ്മേളനത്തിൽ പറഞ്ഞു. . രാവിലെ 10ന് ഡി.സി.സി. പ്രസിഡന്റ് ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യും. വരട്ടാറിൽ ചെളിയും. എക്കലും നീക്കംചെയ്യാതെ 45 ഹോഴ്‌സ് പവറിന് മുകളിലുള്ള ട്രാക്ടർ മോട്ടോറും 72 ഹോഴ്‌സ് പവറുള്ള ഡ്രഡ്ജിങ് മെഷീനും ഉപയോഗിച്ച് മണൽ കുഴലുകളിലൂടെ കടത്തി അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്തു കൊണ്ടുപോകുകയാണ്. കുറഞ്ഞത് 20,000 ലോഡ് മണലെങ്കിലും നീക്കംചെയ്തു. കരാറുകാരൻ ഇത് വിൽക്കുകയാണ്. നദിയുടെ അടിത്തട്ടിൽ നൂറ്റാണ്ടുകൾക്ക് മുൻപ് അടിഞ്ഞ മണൽ മാത്രം ഡ്രഡ്ജിങിലൂടെ നീക്കംചെയ്ത് മുകളിൽ അടിഞ്ഞ ചെളി നദിയിൽ തിരിച്ചിട്ടു നടത്തുന്ന മണൽ ക്കൊള്ളയ്ക്കെതിരെ ചെങ്ങന്നൂർ നഗരസഭയും ഇടനാട് ജനകീയ സമിതിയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജനകീയ സമതിയുടെ കേസിൽ ഹൈക്കോടതി കളക്ടറോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടപ്രകാരം ചെങ്ങന്നൂർ ആർ.ഡി.ഒ. ഇവിടെ മണൽ ഖനനമില്ലെന്ന റിപ്പോർട്ടാണ് കൊടുത്തത്. ജില്ലാ അതിർത്തിയായതുകൊണ്ട് ഉദ്യോഗസ്ഥർ പരസ്പരം പഴിചാരുന്ന അവസ്ഥയാണ് നിലവിലുള്ളത്. കോടിക്കണക്കിന് രൂപയുടെ മണൽ സ്ഥലത്ത് നിന്ന് കടത്തിയിട്ടുണ്ട്. ഒരു ലോഡ് പോലും ചെളി നീക്കം ചെയ്തിട്ടില്ല. പത്രസമ്മേളനത്തിൽ ചെങ്ങന്നൂർ നഗരസഭാദ്ധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ്, ശശി എസ്. പിള്ള, മനീഷ് കീഴാമഠത്തിൽ, കെ.ആർ. മുരളീധരൻ നായർ എന്നിവർ പങ്കെടുത്തു.