പത്തനംതിട്ട : അമിതവേഗത്തിൽ കാറോടിച്ചതിനെതിരെ പ്രതികരിച്ച യുവാവിനെ മർദ്ദിച്ച കേസിൽ ഏഴ് പെരെ കൊടുമൺ പൊലീസ് പിടികൂടി. അങ്ങാടിക്കലിൽ ശനിയാഴ്ച രാത്രി 8 നായിരുന്നു സംഭവം. അങ്ങാടിക്കൽ വായനശാലാ ജംഗ്ഷൻ മുണ്ടയ്ക്കൽ തെക്കേതിൽ ജയപ്രകാശിനാണ് (39) മർദ്ദനമേറ്റത്. കൊടുമൺ ഇടത്തിട്ട കളത്തിൽ തെക്കേതിൽ അഭിഷേക് (23),വിളയിൽ വീട്ടിൽ വിനു വിത്സൻ (20), വിളയിൽ പടിഞ്ഞാറ്റേതിൽ അരവിന്ദ് (23), കക്കത്താനത്ത് വിളയിൽ അമൽ (22), പന്തളം തെക്കേക്കര പാറക്കര തട്ടയിൽ ആലുവിള വീട്ടിൽ വിശാഖ് (23), ഓമല്ലൂർ നെടുമ്പള്ളിൽ ആറ്റരികം വീട്ടിൽ വിശാൽ (22), ഇടത്തിട്ട ഉമേഷ് ഭവനം വീട്ടിൽ ഉമേഷ് 23) എന്നിവരെയാണ് ഇൻസ്പെക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. പ്രതികൾ അമിതവേഗത്തിൽ കാർ ഓടിച്ചുപോയത് നാട്ടുകാരിൽ ചിലർ ചോദ്യം ചെയ്തിതിരുന്നു. അക്കൂട്ടത്തിൽ ജയപ്രകാശും ഉണ്ടെന്ന് ആരോപിച്ച് പ്രതികൾ അസഭ്യവർഷത്തോടെ മർദ്ദിക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.