മല്ലപ്പള്ളി: പുറമറ്റം കള്ളുഷാപ്പിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ഒരാളെ കോയിപ്രം പൊലീസ് അറസ്റ്റുചെയ്തു. കേസിലെ മൂന്നാം പ്രതി കോയിപ്രം കുമ്പനാട് ഊരിയിൽ വീട്ടിൽ ഉമ്മൻ ക്രിസ്റ്റോ നൈനാൻ (ജയ്- 42) ആണ് പിടിയിലായത്.മറ്റ് രണ്ടുപ്രതികൾക്കായി തെരച്ചിൽ തുടരുന്നു.

ശനിയാഴ്ച വൈകിട്ട് 6.30 നാണ് കേസിനാസ്പദമായ സംഭവം. ഇരവിപേരൂർ തേവരക്കാട് ചിറയിൽ വീട്ടിൽ ജോജോ ജോണി (30) നാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കുപറ്റിയത്. ഇയാളും പ്രതികളും സുഹൃത്തുക്കളാണ്. മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിൽ, ഒരാൾ മേശപ്പുറത്തിരുന്ന സ്റ്റീൽ ജഗ് കൊണ്ട് ജോജോയുടെ തലയ്ക്കടിയ്ക്കുകയായിരുന്നു. തുടർന്ന് പ്രതികൾ ആശുപത്രിയിൽ പേര് പറയരുതെന്നും മറ്റും ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് ഐ അനൂപ്, സി പി.ഒമാരായ അഭിലാഷ്, ബ്ലെസൻ, അഖിൽ, ജോബിൻ ജോൺ എന്നിവരാണുള്ളത്.