
പത്തനംതിട്ട: പ്രീഡിഗ്രിക്കു പഠിക്കവേ, കതിർ മണ്ഡപത്തിലെത്തിയ വിജയകുമാരി, 49 വർഷത്തിനുശേഷം പഠനം പൂർത്തിയാക്കി. ആ പഴയ വിദ്യാർത്ഥിനിക്ക് ഇപ്പോൾ പ്രായം 68. ഇക്കണോമിക്സിൽ ഡിഗ്രിയെടുക്കുകയാണ് അടുത്ത ലക്ഷ്യം.
1973ൽ കായംകുളം എം.എസ്.എം കോളേജിൽ പ്രീഡിഗ്രി അവസാന വർഷത്തെ പരീക്ഷ എഴുതാനിരിക്കെയാണ് വിജയകുമാരിയെ കായംകുളം മുതുകുളം സ്വദേശി മോഹനകുറുപ്പ് വിവാഹം കഴിച്ചത്.
പിന്നീട് പാരലൽ കോളേജിൽ ചേർന്ന് പഠിക്കാൻ ശ്രമിച്ചെങ്കിലും ജീവിതത്തിരക്കിൽ മുടങ്ങി. പത്തനംതിട്ട പുറമറ്റത്ത് മകളുടെ വീടിനടുത്താണ് ഇപ്പോൾ താമസം.
പഞ്ചാബിൽ അഗ്രികൾച്ചറൽ ബി.എസ്.സിക്കു പഠിക്കുന്ന കൊച്ചുമകൻ വിവേക് അവധിക്കു വന്നപ്പോഴാണ് മുത്തശ്ശി ജീവിതാഭിലാഷം പറഞ്ഞത്- `എനിക്ക് പഠിക്കണം'.
ബി.എസ്സി അഗ്രികൾച്ചർ പഠിച്ച് സർക്കാർ സർവീസിൽ പ്രവേശിച്ച മകൾ അമ്പിളിയുടെ മകനാണ് വിവേക്. വിജയകുമാരിയുടെ ആഗ്രഹത്തെ കുടുംബം ഒന്നടങ്കം പിന്തുണച്ചു.
തുടർന്ന് വിജയകുമാരി ചെങ്ങന്നൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പൺ സ്‌കൂളിൽ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയായി. ഇതിനിടയിൽ മരുമകൻ പ്രകാശൻ വാഹനാപകടത്തിൽ പരിക്കേറ്റ് ഒരുമാസത്തോളം ആശുപത്രിയിലാവുകയും പിന്നാലെ വീട്ടിലെ എല്ലാവർക്കും കൊവിഡ് വരുകയും ചെയ്തു. ഇതിനെയെല്ലാം അതിജീവിച്ചായിരുന്നു പഠനം. ഡ്രൈവിംഗ് സ്കൂൾ നടത്തിയിരുന്ന ഭർത്താവ് മോഹനക്കുറുപ്പ് ഇപ്പോൾ വിശ്രമത്തിലാണ്. മകൻ അനീഷ് കുടുംബത്തോടൊപ്പം കാഞ്ഞങ്ങാടാണ് താമസം.
" മലയാളത്തിൽ എഴുതാമെങ്കിലും എല്ലാ പരീക്ഷയും ഇംഗ്ലീഷിലാണ് എഴുതിയത്. കുറച്ചു നേരത്തെ ആകാമായിരുന്നു ഇതെന്ന് ഇപ്പോൾ തോന്നുന്നു. പരീക്ഷയിൽ തോൽക്കുന്നതിലൊന്നും കാര്യമില്ല, വലിയ കാര്യങ്ങൾ വേറെ കാത്തിരിക്കുന്നുണ്ടാവും. "
വിജയകുമാരി