bjp-coun
നഗരസഭാ കൗൺസിൽ യോഗം ബഹിഷ്‌ക്കരിച്ച് ബി.ജെ.പി അംഗങ്ങൾ നഗരസഭാ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചപ്പോൾ

ചെങ്ങന്നൂർ: പാർട്ടി പരിപാടിക്കുവേണ്ടി നിശ്ചയിച്ച കൗൺസിൽ യോഗം മാറ്റിവച്ചെന്നാരോപിച്ച് ബി.ജെ.പി നഗരസഭാ കൗൺസിൽ യോഗം ബഹിഷ്‌ക്കരിച്ച് നഗരസഭാ ഓഫീസിനു മുന്നിൽ പ്രതിഷേധ യോഗം നടത്തി. ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ മനുകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. അടിയന്തര സാഹചര്യത്തിൽ കൗൺസിൽ യോഗം മാറ്റിവയ്ക്കാൻ ചെയർപേഴ്‌സണ് അധികാരമുണ്ട്. എന്നാൽ പാർട്ടി പരിപാടിക്കുവേണ്ടി യോഗം മാറ്റിവച്ച് പങ്കെടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. വരട്ടാർ മണൽ ഖനനം ഉൾപ്പടെയുളള വിഷയങ്ങൾ ചർച്ചചെയ്യേണ്ട പ്രധാനപ്പെട്ട കൗൺസിൽ യോഗമാണ് മാറ്റിവച്ചത്. ഇത് നഗരസഭയിലെ ജനങ്ങളോടുളള വെല്ലുവിളിയാണെന്നും മനുകൃഷ്ണൻ പറഞ്ഞു.

കൗൺസിൽ യോഗം മാറ്റിയത് നിയമാനുസൃതം

നിയമാനുസൃത നടപടികൾ പാലിച്ച് മാത്രമാണ് കൗൺസിൽ യോഗം മാറ്റി വച്ചതെന്ന് ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് പറഞ്ഞു. കൗൺസിൽ യോഗത്തിൽ ഹാജരാക്കേണ്ട രേഖകളുടേയും, സപ്ലിമെന്ററി അജണ്ടകളുടെ പൂർത്തീകരണത്തിനുമുള്ള കാലതാമസമാണ് കൗൺസിൽ യോഗം മാറ്റി വച്ചത്. കൗൺസിൽ യോഗം മാറ്റിവയ്ക്കാൻ തീരുമാനം എടുത്തതിനു ശേഷമാണ് കോൺഗ്രസ് ധർണ അതേ സമയത്ത് നടത്താൻ തീരുമാനമെടുത്തത്. യോഗത്തിൽ നിന്നു ബി.ജെ.പി അംഗങ്ങൾ വിട്ടു നിന്നത് തെറ്റായ നടപടിയാണെന്നും മറിയാമ്മ ജോൺ ഫിലിപ്പ് പറഞ്ഞു.