ചെങ്ങന്നൂർ: ഒരുപാടുകാലമായുള്ള ആഗ്രഹമാണ് ചെട്ടികുളങ്ങരദേവിയെ പൂജിക്കാൻ കഴിയണമെന്നതെന്നും പൂർവികരുടെ അനുഗ്രഹവും ദേവീകടാക്ഷവും ലഭിച്ചതോടെ അതിനുളള സൗഭാഗ്യമാണ് തനിക്ക് ഉണ്ടായതെന്നും ചെട്ടികുളങ്ങര മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട വെണ്മണി ശാർങ്ങക്കാവ് പടിഞ്ഞാട്ടിടത്ത് ഇല്ലം കെ.ശംഭു നമ്പൂതിരി കേരളകൗമുദിയോട് പറഞ്ഞു. ചെട്ടികുളങ്ങര പഞ്ചായത്തിലെ കൊയ്പ്പളളി കാരാഴ്മ ഭഗവതീക്ഷേത്രത്തിലെ മേൽശാന്തിയാണ് നിലവിൽ ശംഭു നമ്പൂതിരി. 50 വർഷം മുൻപ് പിതാവ് നാരായണര് കൃഷ്ണരും മുത്തച്ഛൻ നാരായണരും ദേവിയുടെ ഉപാസകരും ശാന്തിക്കാരും ആയിരുന്നു. 2004ലാണ് ശംഭുനമ്പൂതിരി ദേവസ്വം ബോർഡ് പറവൂർ ഗ്രൂപ്പിലെ പുത്തൂർ പളളിക്കൽ സബ് ഗ്രൂപ്പിൽ കാലടി പരവത്തുകാവ് മഹാവിഷ്ണുക്ഷേത്രത്തിൽ ശാന്തിക്കാരനായി നിയമിതനായത്. ചെന്നിത്തല, കണ്ണമംഗലം, തൃപ്പെരുംതുറ തുടങ്ങിയ നിരവധി ക്ഷേത്രങ്ങളിൽ മേൽശാന്തിയായിട്ടുണ്ട്. ചെറിയനാട് സുബ്രഹ്മണ്യ സ്വാമീ ക്ഷേത്രത്തിൽ നിന്നാണ് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കൊയ്പ്പള്ളി കാരാഴ്മയിലേക്ക് മാറിയത്. ഭാര്യ: ജി.വി ശ്രീലേഖ. മക്കൾ: പ്ലസ് ടു വിദ്യാർത്ഥി ശരത് കൃഷ്ണൻ, ഒൻപതാം ക്ളാസ് വിദ്യാർത്ഥി അഞ്ജിതാ കൃഷ്ണൻ