അടൂർ : സുരക്ഷാ ഇടനാഴിയായ എം.സി റോഡിൽ അടിക്കടി ഉണ്ടാകുന്ന അപകടപരമ്പരകളും അതിലേക്ക് നയിക്കുന്ന കാരണങ്ങളും ചൂണ്ടികാട്ടി കഴിഞ്ഞ അഞ്ച് ദിവസമായി കേരളകൗമുദിയിൽ വന്ന പരമ്പരയും അപകടങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികളെക്കുറിച്ചും ഉന്നത ഉദ്യോഗസ്ഥർ പ്രതികരിക്കുന്നു.
എം.സി റോഡിലെ അപകട പരമ്പരകൾക്ക് അറുതി വരുത്താനായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട് മെന്റുകൾക്കും സമഗ്ര പഠനം നടത്താൻ കെ.എസ് ടി.പി എൻജിനീയറിംഗ് വിഭാഗത്തിനും അടിയന്തര നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ സജീവ ഇടപെടലുകൾ തുടങ്ങി.
ചിറ്റയം ഗോപകുമാർ,
ഡെപ്യൂട്ടി സ്പീക്കർ, സംസ്ഥാന നിയമസഭ
ജില്ലയുടെ അതിർത്തിയായ മാന്തുക മുതൽ ഏനാത്ത് വരെ ഒാരോ എസ്.ഐ മാരുടെ നേതൃത്വത്തിൽ നാല് പട്രോളിംഗ് വാഹനങ്ങൾ നിരത്തിൽ ഉണ്ടാകും. 15 കിലോമീറ്റർ ഇടവിട്ട് വാഹനങ്ങൾ തടഞ്ഞുനിറുത്തി പരിശോധന നടത്തും. വാഹനങ്ങളുടെ അമിത വേഗത പരിശോധിക്കുന്നതിനായി ഏനാത്ത്, കിളിവയൽ, പറന്തൽ എന്നിവിടങ്ങളിൽ പ്രത്യേക നിരീക്ഷണ കാമറകൾ സ്ഥാപിക്കും. മദ്യപിച്ച് വാഹനം ഒാടിക്കുന്നവരെ പിടികൂടും.
ആർ.ബിനു,
(ഡി.വൈ.എസ്.പി,
അടൂർ)
ഹോളിക്രോസ് ജംഗ്ഷൻ ഭാഗത്തെ ബൈപാസിൽ വാഹനം കനാലിൽ മറിഞ്ഞ സംഭവത്തെ തുടർന്ന് ഇവിടെ പ്രത്യേകം ദിശാസൂചിക സ്ഥാപിക്കാൻ കെ.എസ്.ടി.പി അധികൃതർക്ക് നിർദ്ദേശം നൽകി. അടൂർ ബൈപാസിൽ മൂന്ന് ഷിഫ്ടുകളിലായി പ്രത്യേക ടീംപരിശോധന നടത്തും. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 6 വരെയും, 6 മുതൽ രാത്രി 12 വരെയും, 12 മുതൽ അടുത്തദിവസം രാവിലെ 6 വരെയുമാണ് പത്തനംതിട്ട ആർ.ടി.ഒയുടെ നിർദ്ദേശപ്രകാരം പരിശോധന ശക്തമാക്കിയിരിക്കുന്നത്.
അജിത്ത് കുമാർ,
(ജോയിന്റ് ആർ.ടി.ഒ അടൂർ)
അടൂർ ജനറൽ ആശുപത്രിയിലെ ട്രോമോകെയർ സംവിധാനം പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിച്ചുതുടങ്ങി. 16 സ്റ്റാഫ് നഴ്സുമാരുടേയും ഒാർത്തോ, സർജൻ, അനസ്തസ്റ്റിക് എന്നിവരുടെ രണ്ട് ഒഴിവുകൾവീതം നികത്തിയാൽ മാത്രമേ ട്രോമോകെയർ യൂണിറ്റ് പ്രവർത്തിപ്പിക്കാനാകൂ. ന്യൂറോ സർജൻ ഇല്ലാത്ത സാഹചര്യത്തിൽ തലയ്ക്കുള്ളിൽ സർജറി ആവശ്യമായി വരുന്ന രോഗികളെ അടിയന്തര ചികിത്സ ലഭ്യമാക്കി മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യുക മാത്രമേ നിലവിൽ പോംവഴിയുള്ളൂ.
ഡോ.സുഭഗൻ,
സൂപ്രണ്ട്, അടൂർ ജനറൽ ആശുപത്രി.
(അവസാനിച്ചു)