തിരുവല്ല: നാളെ പുലർച്ചെ മുതൽ നടക്കുന്ന കർക്കടക വാവുബലിക്ക് ക്ഷേത്രങ്ങളിലും വിവിധ സ്‌നാനഘട്ടങ്ങളിലും ഒരുക്കങ്ങളായി. എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ നാളെ മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ നഗറിൽ മണിമലയാറിന്റെ തീരത്ത് വാവുബലി അർപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പുലർച്ചെ നാലുമുതൽ തിലഹവനം, പിതൃബലി, പിതൃപൂജ, വിഷ്ണു സഹസ്രനാമാർച്ചന എന്നീ ചടങ്ങുകൾ ഉണ്ടായിരിക്കും. ശ്രീനാരായണ വൈദിക സമിതി രക്ഷാധികാരി ഷാജി ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കുമെന്ന് യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ എന്നിവർ അറിയിച്ചു.
വളഞ്ഞവട്ടം ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പമ്പയും മണിമലയും സംഗമിക്കുന്ന കീച്ചേരിവാൽ കടവിൽ വാവുബലി ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ ഗണപതിഹോമം, 8.30 മുതൽ രാമായണപാരായണം രാത്രി 7.30ന് ഭജന. നാളെ പുലർച്ചെ മൂന്നിന് വിഷ്ണുപൂജ 3.30ന് വാവുബലി തർപ്പണം തുടങ്ങും വൈകിട്ട് 6.30ന് ദീപാരാധന, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം തർപ്പണം ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ചാത്തങ്കരി അർദ്ധനാരീശ്വര ക്ഷേത്രക്കടവിൽ രാവിലെ 6 മുതൽ കർക്കടക വാവുബലി പൂജകൾ ക്ഷേത്രമേൽശാന്തി വിഷ്ണു ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ഗണപതിഹോമം, തിലഹോമം, ഭഗവതിസേവ, കൂട്ടനമസ്‌ക്കാരം, ഒറ്റ നമസ്‌ക്കാരം എന്നിവയുണ്ടായിരിക്കും.
പെരിങ്ങര ഗുരുവാണീശ്വരം ക്ഷേത്രത്തിൽ കർക്കടക വാവുബലിയോടനുബന്ധിച്ച് നാളെ രാവിലെ 5 മുതൽ പിതൃതർപ്പണം,തിലഹോമം, പിതൃപൂജ എന്നിവയുണ്ടാകും.
വള്ളംകുളം തിരുവാമനപുരം ക്ഷേത്രത്തിലെ കർക്കടക വാവുബലി നാളെ രാവിലെ 5 മുതൽ ആരംഭിക്കും. തിലഹവനം, വിഷ്ണുപൂജ, പിതൃപൂജ എന്നീ വഴിപാടുകൾ ഉണ്ടായിരിക്കും.