തിരുവല്ല: പ്രളയത്തിൽ അപ്രോച്ച് റോഡുകൾ തകർന്ന കോമളം പാലത്തിന്റെ പുനർ നിർമ്മാണത്തിന് 10.18 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി മാത്യു ടി.തോമസ് എം.എൽ.എ അറിയിച്ചു. 2021 ഒക്ടോബറിലെ പ്രളയത്തിലാണ് അപ്രോച്ച് റോഡ് തകർന്നത്. 35 മീറ്ററോളം അപ്രോച്ച് റോഡ് തകർന്നുപോയ പാലം സെമി സബ്‌മേഴ്സിബിൾ ബ്രിഡ്ജായാണ് നിർമ്മിച്ചിരിക്കുന്നത്. വെൽ ഫൗണ്ടേഷനുള്ള പാലത്തിന്റെ വെൽക്യാപ്പുകൾ തമ്മിലുള്ള അകലം കുറവായതിനാൽ വീണ്ടും പാലത്തിലെ തൂണുകൾക്കിടയിൽ മരക്കഷണങ്ങളും മുളച്ചില്ലകളും വന്നടിഞ്ഞ് പാലത്തിന്റെ വേന്റ് വേ അടഞ്ഞുപോകാനും പാലത്തിന് ബലക്ഷയം വരാനും സാദ്ധ്യതയുള്ളതിനാൽ നിലവിലുള്ള പാലം പൊളിച്ച് പുതിയ ഹൈലെവൽ ബ്രിഡ്ജ് പണിയണമെന്ന് വിദഗ്ദ്ധ അഭിപ്രായം ഉയർന്നിരുന്നു. സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി പാലം നിർമ്മിക്കണമെന്ന് എം.എൽ.എയുടെ അഭ്യർത്ഥനയെ തുടർന്ന് ബഡ്ജറ്റിൽ 20 ശതമാനം തുക അനുവദിച്ചിരുന്നു. കുറഞ്ഞ കാലയളവിനുള്ളിൽത്തന്നെ മണ്ണ് പരിശോധന ഉൾപ്പെടെയുള്ള പഠനങ്ങൾക്ക് ശേഷം എസ്റ്റിമേറ്റ് തയാറാക്കി. ഇത് ഭരണാനുമതി നൽകുന്നതിനുള്ള കമ്മറ്റിയിൽ അവതരിപ്പിച്ചു. അഞ്ചു കോടി രൂപയ്ക്ക് മുകളിലുള്ള നിർമ്മാണത്തിന് പ്രത്യേക അനുമതി ആവശ്യമുള്ളതിനാൽ അതിനുള്ള അനുമതിയും ലഭ്യമാക്കിയാണ് ഭരണാനുമതി നൽകിയിട്ടുള്ളത്.

പുതിയ പാലം ഇങ്ങനെ

7.5 മീറ്റർ കാര്യേജ് വേയും ഇരുവശത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയോടുകൂടി മൊത്തം 11 മീറ്റർ വീതിയോടു കൂടിയാണ് പുതിയ പാലം നിർമ്മിക്കുന്നത്. നദിയിൽ 28 മീറ്ററിന്റെ മൂന്നു സ്പാനും ഇരുകരകളിലായി 12.5 മീറ്ററിന്റെ രണ്ടുവീതം ലാൻഡ് സ്പാനുകളും ഉണ്ടാകും. പുതിയ പാലത്തിന്റെ നിർമ്മാണം നടക്കുമ്പോൾ താത്കാലിക നടപ്പാലം സ്ഥാപിക്കാൻ ശ്രമം നടക്കുന്നുണ്ട്.