റാന്നി: ഭരണിക്കാവ്- മുണ്ടക്കയം ദേശീയ ഹൈവേയിൽ വടശേരിക്കര മണ്ണാറക്കുളഞ്ഞി മുതൽ പ്ലാപ്പള്ളി വരെയുള്ള റോഡ് വികസനംവൈകുന്നു. മണ്ണാറക്കുളഞ്ഞി മുതൽ വടശേരിക്കര വരെ ഓട നിർമ്മാണവും ഇടത്തറ മുക്കിലും കന്നാമ്പാലത്തും മാടമണ്ണിലും കലുങ്കു പണികളും നടക്കുന്നുണ്ടെങ്കിലും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവുമൂലം പണി ഇഴയുകയാണ്. നിലവിലുള്ള റോഡിന്റെ വീതിയിലാണ് വികസനം. വീതികൂട്ടൽ പിന്നീട് നടക്കും.
ശബരിമല പാതയുടെ നവീകരണത്തിനു ശേഷവും മേഖലയിലെ റോഡിനോട് ചേർന്ന ഭാഗങ്ങളിൽ നിരവധി അനധികൃത കൈയേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവ ഒഴിപ്പിച്ച ശേഷമാവും വീതികൂട്ടൽ. അപകട വളവുകൾ പോലും നിവർത്താതെയാണ് ഇപ്പോൾ റോഡ് വികസനം നടക്കുന്നത്. കൈയേറ്റത്തിന് പുറമേ ഒാട കൂടി വരുന്നതോടെ നടപ്പാതയ്ക്ക് പലയിടത്തും സ്ഥലം കാണില്ല. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാത വികസനത്തിന്റെ ഭാഗമായുള്ള ടാറിങ്ങ് കോന്നിവരെ പൂർത്തിയായി. ഇനിയുള്ളത് കോന്നി മുതൽ പുനലൂർ വരെയുള്ള ഭാഗമാണ്. ഈ ഭാഗത്തെയും നിർമ്മാണം പൂർത്തിയാകുന്നതോടെ മണ്ണാറക്കുളഞ്ഞി -ചാലക്കയം- ശബരിമല പാതയിലൂടെ തീർത്ഥാടന വാഹനങ്ങൾ ഇരട്ടിയാകും.