1
ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണ പദ്ധതിക്കായി മുക്കൂർ - നെല്ലിമൂട് റോഡിൽ മല്ലപ്പള്ളി ,കല്ലൂപ്പാറ, ആനിക്കാട് പഞ്ചായത്തുകൾ സംയുക്തമായി മല്ലപ്പള്ളി പഞ്ചായത്തിൽ വാങ്ങിയ ഭൂമി

മല്ലപ്പള്ളി : ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണ പദ്ധതി കാടുകയറി. ഭൂരഹിത ഭവന രഹിതർക്ക് വേണ്ടി ആവിഷ്കരിച്ച പദ്ധതിയായിരുന്നു ഇത്. പദ്ധതിക്കായി മുക്കൂർ - നെല്ലിമൂട് റോഡിൽ തരുണാമുറിയിൽ പുരയിടത്തിലെ ഒന്നേകാൽ ഏക്കർ ഭൂമിയാണ് 2020 ൽ വാങ്ങിയത്. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തും കല്ലൂപ്പാറ, മല്ലപ്പള്ളി,ആനിക്കാട്, ഗ്രാമപഞ്ചായത്തുകളും സംയുക്തമായി 63 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഭൂമി വാങ്ങിയത്. 3 പഞ്ചായത്തുകളുടെയും പരിധിയിലുള്ള 58 കുടുംബങ്ങൾക്ക് താമസസൗകര്യം ആദ്യഘട്ടത്തിൽ ഒരുക്കാനായിരുന്നു തീരുമാനം. ഫ്ലാറ്റ് നിർമ്മിണത്തിന് ശേഷം മറ്റ് വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും ഫ്ലാറ്റ്നിർമ്മാണത്തിന് ജില്ലാ പഞ്ചായത്തിൽ നിന്ന് തുക ലഭ്യമാക്കുന്നതിനും ശ്രമങ്ങൾ നടത്തിയിരുന്നു.

ഇതിനായി അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും സെക്രട്ടിമാരുടെയും സംയുക്ത കമ്മിറ്റി രൂപീകരിച്ചിരുന്നെങ്കിലും തുടർന്നു നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പും ഉദ്യോഗസ്ഥമാറ്റവും പിന്നീടുള്ള പ്രവർത്തനങ്ങളെ ബാധിച്ചു. ജില്ലയിൽ ആദ്യമായായിരുന്നു ഭൂരഹിത ഭവനരഹിതർക്കായി ഇത്തരത്തിൽ സംയുക്ത പദ്ധതി തയ്യാറാക്കി വസ്തു വാങ്ങിയത്.

കഴിഞ്ഞ ഭരണ സമിതിയുടെ അവസാന കാലത്താണ് വസ്തു വാങ്ങിയത്. നടപടി വൈകിയത് പ്രതിസന്ധിയുണ്ടാക്കി. ഫ്ളാറ്റ് പണിയുന്നതിലെ നിയമ തടസങ്ങൾ പരിഹാരിക്കുന്നതിനുളള നടപടിക്രമങ്ങൾ പൂർത്തിയാകുന്നു.

ബിന്ദു ചന്ദ്രമോഹൻ

പ്രസിഡന്റ്

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്