chengannur-devi
തൃപ്പൂത്താറാട്ടിന് ശേഷം തിരികെ ക്ഷേത്രത്തിലെത്തിയ ദേവിയെ മഹാദേവൻ സ്വീകരിച്ച് ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ചപ്പോൾ

ചെങ്ങന്നൂർ: പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ നടന്ന ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്താറാട്ട് ഭക്തിസാന്ദ്രമായി. പനിനീരും മഞ്ഞൾപ്പൊടിയും ഇളനീരും പാലും എണ്ണയും കൊണ്ട് ദേവിക്ക് അഭിഷേകവും കരയിൽ നിവേദ്യവും നടത്തി. മലയാള വർഷത്തിലെ പത്താമത്തെയും അവസാനത്തെയും തൃപ്പൂത്തായിരുന്നു ഇന്നലെ നടന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനര് മുഖ്യകാർമ്മികത്വം വഹിച്ചു. ആറാട്ടിനുശേഷം ദേവിയുടെ എഴുന്നെള്ളത്ത് ഘോഷയാത്ര തിരികെ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് കിഴക്കേ നടയിൽ മഹാദേവൻ ദേവിയെ സ്വീകരിച്ചു. ആറാട്ട് കടവിലും ആറാട്ടെഴുന്നെള്ളത്ത് കടന്നുവരുന്ന വഴികളിലും നിറപറയും നിലവിളക്കും തെളിച്ചിരുന്നു നൂറു കണക്കിന് ഭക്തർ താലപ്പൊലി വഴിപാടുകൾ സമർപ്പിച്ചു ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെത്തിയശേഷം പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ഭക്തർ മഞ്ഞൾപ്പറ, നെൽപ്പറ സമർപ്പണം നടത്തി. തുടർന്ന് പ്രദക്ഷിണത്തിന് ശേഷം അകത്തെഴുന്നെള്ളത്തും ഇരു നടയിലും കളഭാഭിഷേകവും നടത്തി. ആറാട്ടിനു ശേഷം 12 ദിവസം ഭക്തർക്ക് ഹരിദ്ര പുഷ്പാഞ്ജലി വഴിപാട് നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. പത്തനം തിട്ട ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ബി. സുനിൽ കുമാർ ,അസി. ദേവസ്വം കമ്മിഷണർ കെ .സൈനുരാജ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആർ .ബിന്ദു, ഉപദേശക സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.. അന്നദാനം, ലഘുഭക്ഷണവിതരണം, കുടിവെള്ള വിതരണം എന്നിവയുംനടന്നു.