പ്രമാടം: പിതൃസ്മരണയിൽ വലഞ്ചുഴി ദേവീക്ഷേത്രം, വെട്ടൂർ മഹാവിഷ്ണു ക്ഷേത്രം, വാഴമുട്ടം മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി. വലഞ്ചുഴി ദേവീക്ഷേത്രക്കടവിലെ കർക്കടക വാവുബലിയും പിതൃതർപ്പണവും പുലർച്ചെ 4.30 ന് ആരംഭിച്ചു. ഉച്ചവരെ നീണ്ടുനിന്നു. ക്ഷേത്ര മണ്ഡപത്തിൽ പിതൃപൂജ, തിലഹോമം, മൃത്യുഞ്ജയഹോമം തുടങ്ങിയവയും നടന്നു. അച്ചൻകോവിലാറിന്റെ തീരത്ത് ഒരുക്കിയ ക്രമീകരണത്തിൽ ഒരേസമയം അഞ്ഞൂറോളം ആളുകൾക്ക് ബലിയിടാൻ സൗകര്യമുണ്ടായിരുന്നു. ചുക്കുകാപ്പി, അന്നദാനം എന്നിവയും ക്രമീകരിച്ചിരുന്നു.

വെട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ പുലർച്ചെ 3.50 ന് ബലിതർപ്പണം ആരംഭിച്ചു. 11.30 വരെ നീണ്ടുനിന്നു. അച്ചൻകോവിലാറിന്റെ തീരത്ത് രണ്ട് കടവുകളിലായി ഒരുക്കിയ ക്രമീകരണങ്ങളിൽ ഒരേസമയം എണ്ണൂറിൽപ്പരം ആളുകളാണ് ബലിതർപ്പണം നടത്തിയത്. ബലിക്ക് ശേഷം ക്ഷേത്രത്തിൽ തിലഹോമം, പിതൃപൂജ, വിഷ്ണുപൂജ എന്നിവയ്ക്കും സൗകര്യം ഒരുക്കിയിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും ശാരീരിക ബുദ്ധിമുട്ടുകളുള്ളവർക്കും പ്രത്യേക സൗകര്യവും ഉണ്ടായിരുന്നു.

വാഴമുട്ടം മഹാവിഷ്ണു ക്ഷേത്രത്തിൽ രാവിലെ അഞ്ച് മുതൽ ചടങ്ങുകൾ ആരംഭിച്ചു. ബലിതർപ്പണം, പിതൃപൂജ, തിലഹവനം, സായൂജ്യപൂജ എന്നിവയും ഉണ്ടായിരുന്നു. ഒരേസമയം നൂറോളം ആളുകൾക്ക് ബലിയിടാൻ സൗകര്യം ഉണ്ടായിരുന്നു. മൂന്ന് ബലിതർപ്പണ കേന്ദ്രങ്ങളിലും

ഭക്തരുടെ സഹായത്തിനായി പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യ വകുപ്പ്, സന്നദ്ധ പ്രവർത്തകരുടെ സേവനം , ആംബുൻസ് സൗകര്യം എന്നിവ ഒരുക്കിയിരുന്നു.