1

കടമ്പനാട് : വൻതുക മുടക്കി പണിത കെട്ടിടങ്ങൾ സംരക്ഷണമില്ലാതെ നശിക്കുമ്പോൾ വീണ്ടും കെട്ടിടം പണിയുമായി

കടമ്പനാട് പഞ്ചായത്ത്. വനിതാ ശാക്തീകരണത്തിനും ചന്ത നവീകരണത്തിനുമായി പണിതകെട്ടിടങ്ങളാണ് ഉപയോഗിക്കാതെ നശിക്കുന്നത്. പ്രവർത്തനം നിലച്ച താഴത്ത് ചന്തയുടെ വീണ്ടെടുപ്പിനാണ് ചന്തക്കകത്ത് കാർഷിക വിപണിക്ക് കെട്ടിടം പണിതത്.

പണിതീർന്ന് ഉദ്ഘാടനം കഴിഞ്ഞിട്ട് വർഷങ്ങളായെങ്കിലും പ്രവർത്തനം ഇതുവരെയും ആരംഭിച്ചില്ല. അതിനുശേഷം പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ വനിതാ വിപണന കേന്ദ്രം പണിതു. അതും ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങളായെങ്കിലും പ്രവർത്തനമാരംഭിച്ചില്ല. ഈ കെട്ടിടം നശി ക്കുമ്പോഴാണ് തൊട്ടടുത്തായി ഇതേ ആവശ്യത്തിന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 12.80 ലക്ഷം മുടക്കി അടുത്ത കെട്ടിടം പണിയുന്നത്. ടോയ് ലറ്റ് കോംപ്ലക്സ് , മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങിയവ ഉണ്ടായിട്ടും ചന്ത പ്രവർത്തിപ്പിക്കാനായിട്ടില്ല. പ്രവർത്തിക്കാതെ മാലിന്യനിർമാർജ്ജന പ്ലാന്റ് നശിച്ചു. കർഷക ഗ്രൂപ്പുകളുടെ ഏകോപനത്തിൽ നിന്ന് കാർഷിക വിളകൾ ഇടനിലക്കാരുടെ ചൂഷണമില്ലാതെ നേരിട്ട് കച്ചവടക്കാരിലെത്തിക്കാൻ കാർഷിക വിപണികൾ കർഷകരുടെ മേൽനോട്ടത്തിൽ എല്ലാ പഞ്ചായത്തിലും നടക്കുന്നുണ്ട്. പക്ഷേ കടമ്പനാട് പഞ്ചായത്തിൽ കർഷക ഗ്രൂപ്പുകൾ വേണ്ടത്ര രൂപീകരിക്കാതെ ആദ്യം കെട്ടിടം പണിതതിനാൽ കാർഷിക വിപണിയും മുന്നോട്ടുപോയില്ല. കെട്ടിട നിർമ്മാണത്തിന് ശേഷവും കർഷക ഗ്രൂപ്പുകൾ ഉണ്ടാക്കുകയോ വിപണിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാനോ നടപടി ഉണ്ടായില്ല. 2009-10 മുതൽ ഒരു കോടിയോളം രൂപ ചന്തയുടെ നവീകരണത്തിനായി ത്രിതലപഞ്ചായത്തുകൾ വഴി ചെലവിട്ടിട്ടുണ്ട്. കാർഷിക വിപണിയുടെ പ്രവർത്തനം കാര്യക്ഷമമാക്കിയെങ്കിലും പണിത കെട്ടിടങ്ങൾ ഉപയോഗപ്രദമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .

പഴി മീൻ കച്ചവടക്കാർക്ക് !

കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് തിങ്കളും വ്യാഴവും ആഴ്ചച്ചന്തകൾ ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. പക്ഷേ ഏതാനും ആഴ്ചകളേ പ്രവർത്തിച്ചുള്ളു.മീൻ കച്ചവടക്കാർ എത്താത്തതിനാലാണ് ചന്തയുടെ പ്രവർത്തനം നിലച്ചതെന്നാണ് പഞ്ചായത്തധികൃതർ പറഞ്ഞത്. എന്നാൽ ഇവിടെ റോഡരികിൽ മീൻ കച്ചവടം തകൃതിയാണ്.

----------------------------

ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഉപയോഗിക്കാത്ത പഴയ കെട്ടിടത്തിനരികിൽ പുതിയ കെട്ടിടം പണിയുന്നത് 12.80 ലക്ഷം ചെലവിൽ