
അടൂർ : പ്രകൃതി മനോഹാരിത തുളുമ്പിനിൽക്കുന്ന മൂന്നാറിന്റെ മടിത്തട്ടിലേക്ക് അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് രണ്ട് പകലും ഒരു രാത്രിയും ഉൾപ്പെടുന്ന ഉല്ലാസയാത്ര. ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി 7, 8 തീയതികളിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. താമസം ഉൾപ്പെടെ 1,600 രൂപയാണ് ചാർജ്. 7 ന് പുലർച്ചെ 5 ന് അടൂരിൽ നിന്ന് പുറപ്പെട്ട് മൂന്നാർ ടീ മ്യൂസിയം, കുണ്ടള ഡാം, എക്കോ പോയിന്റ്, മാട്ടുപ്പെട്ടി, ഫോട്ടോ പോയിന്റ് എന്നിവിടങ്ങൾ സന്ദർശിക്കും. രാത്രിയിൽ കെ.എസ്.ആർ.ടി.സിയുടെ എ.സി സ്ളീപ്പർ ബസിലാണ് ഉറക്കം. രണ്ടാം ദിവസം കാന്തല്ലൂർ, മറയൂർ, പെരുമല, ആപ്പിൾ സ്റ്റേഷൻ, മൂന്നാർ പാർക്ക് എന്നിവിടങ്ങൾ സന്ദർശിച്ചശേഷം തിരികെ മടങ്ങും. അടൂർ ഡിപ്പോയിൽ നിന്ന് ഇതാദ്യമായാണ് മൂന്നാറിലേക്ക് ഉല്ലാസയാത്ര ഒരുക്കിയിരിക്കുന്നത്. നേരത്തെ മലക്കപ്പാറയിലേക്ക് നടത്തിയ ഉല്ലാസയാത്ര ഏറെ ലാഭകരമായിരുന്നു. ആളുകളുടെ എണ്ണം കുറഞ്ഞതോടെ മലക്കപ്പാറയിലേക്കുള്ള സർവീസ് നിറുത്തി. രാമായണമാസം കണക്കിലെടുത്ത് ഇന്ന് പുലർച്ചെ നാലമ്പല ദർശനത്തിനായി പുറപ്പെടും, തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം, പായമ്മൽ ശത്രുഘ്നക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് തീർത്ഥയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ആഗസ്റ്റ് 6, 13 തീയതികളിലെ നാലമ്പലദർശനത്തിന് ബുക്കിംഗ് ആരംഭിച്ചു. 1,250 രൂപയാണ് ടിക്കറ്റ് നിരക്ക്. സൂപ്പർ ഡീലക്സ് ബസിലാണ് യാത്ര. ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും 9846460020, 984617421, 9447302611, 9207014930 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.