ഏഴംകുളം: ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കെ.എസ്.കെ.ടി.യു ആഗസ്റ്റ് 5ന് ഏഴംകുളം വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തും. കെ.എസ്.കെ.ടി.യു ഏഴംകുളത്ത് സംഘടിപ്പിച്ച ഭൂമി അവകാശ കൺവെൻഷനിലാണ് പ്രക്ഷോഭം ഏറ്റെടുക്കാൻ തീരുമാനിച്ചത്. ഏഴംകുളം, ഏഴംകുളം തെക്ക് മേഖല കമ്മിറ്റികൾ സംഘടിപ്പിച്ച ഭൂമി അവകാശ കൺവെൻഷൻ സി.പി എം കൊടുമൺ ഏരിയ സെക്രട്ടറി എ.എൻ സലീം ഉദ്ഘാടനം ചെയ്തു. ഏഴംകുളം മേഖല കമ്മിറ്റി ട്രഷറാർ ഷൈജ ഓമനക്കുട്ടൻ അദ്ധ്യക്ഷതവഹിച്ചു. എസ്.സി ബോസ്, വിജു രാധാകൃഷ്ണൻ , ലിജി ഷാജി, ബാലകൃഷ്ണൻ നായർ , മോഹൻദാസ്, ആർ.മോഹനൻ, ശാന്ത, വിജയകുമാരി ,വൽസല എന്നിവർ സംസാരിച്ചു. ഏഴംകുളം വില്ലേജ് പരിധിയിലെ താമസക്കാരും കെ.ഐ.പി ,റവന്യു മിച്ചഭൂമിയിൽ വർഷങ്ങളായി വീട് വച്ച് താമസിച്ചു വരുന്നവർക്ക് ഭൂമിയിൽ സംസ്ഥാന സർക്കാർ അവകാശം നൽകുക,നിലത്തിൽ വീട് വച്ച് താമസിക്കുന്നവരുടെ ഭൂമി കരഭൂമി ആക്കി നൽകുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ഏഴംകുളം വില്ലേജ് ഓഫീസിന് മുൻപിൽ സമരം നടത്തുന്നത്. കെ.ഐ.പി മിച്ചഭൂമിയിൽ വർഷങ്ങളായി താമസിച്ച് വരുന്നവർക്ക് ആഴ്ച്ചകൾക്ക് മുൻപ് ഭൂമി ഒഴിയണമെന്ന് കാണിച്ച് കെട്ടിട ഉടമകൾക്ക് കെ.ഐ.പി ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിരിന്നു. ഉദ്യോഗസ്ഥ നടപടിയെ ശക്തമായി നേരിടുവാനും കൺവെൻഷൻ തീരുമാനിച്ചു. അഞ്ചിന് രാവിലെ 9 മണിയ്ക്ക് സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് മാർച്ച് ആരംഭിക്കും.