പത്തനംതിട്ട : ടി.കെ. റോഡിൽ സെൻട്രൽ ജംഗ്ഷനും ആശുപത്രി ജംഗ്ഷനും മദ്ധ്യേ പൈപ്പുപൊട്ടി റോഡ് തകർന്നു . റോഡിന്റെ ഒരു വശം പൂർണമായും തകർന്നിട്ടുണ്ട്. റോഡരികിലെ കോൺക്രീറ്റ് ചെയ്ത കുറെ ഭാഗങ്ങൾ ഇളകി താഴ്ന്നു. ഇന്നലെ പുലർച്ചെയാണ് വാട്ടർ അതോറിട്ടിയുടെ പ്രധാന പൈപ്പ് പൊട്ടിയത്. പൈപ്പുപൊട്ടി ശക്തിയായി വെള്ളം ഒഴുകാൻ തുടങ്ങിയതോടെ പമ്പിംഗ് നിറുത്തിവച്ചു. ഇതോടെ ഈ പ്രദേശത്തെ കുടിവെള്ള വിതരണവും മുടങ്ങി. ഇന്നലെ പൈപ്പുപൊട്ടിയ ഭാഗത്തെ അറ്റകുറ്റപ്പണികളും നടത്തുകയുണ്ടായി. പൈപ്പിന്റെ കാലപഴക്കമാണ് പൈപ്പ് പൊട്ടലിന് കാരണം. തുടരെ പൈപ്പ് പൊട്ടൽ നടക്കുന്ന ഭാഗം കൂടിയാണിത്. നഗരത്തിൽ പഴയ പൈപ്പുകൾ മുഴുവൻ മാറ്റി പുതിയത് സ്ഥാപിക്കുന്ന ജോലികൾ നടന്ന് വരുന്നതിനിടയിലാണ് ടി.കെ റോഡിലെ പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങുകയും റോഡ് തകരുകയും ചെയ്യുന്നത് സ്ഥിരമായികൊണ്ടിരിക്കുകയാണ്. മാസങ്ങൾക്കുമുമ്പ് സെൻട്രൽ ജംഗ്ഷനിൽ മിനി സിവിൽ സ്റ്റേഷന് മുമ്പിലെ പൈപ്പ് പൊട്ടിയിരുന്നു. പൈപ്പ് പൊട്ടി വാഹനം അപകടത്തിൽപ്പെടാറുമുണ്ട്.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 11.18 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. പഴയ പൈപ്പുകൾ പൂർണമായും മാറ്റി വരികയാണ്. മൊത്തം 23 കിലോമീറ്റർ ദൂരത്തിലാണ് പൈപ്പ് മാറ്റുന്നത്. കല്ലറക്കടവ് നിന്ന് വിവിധ ടാങ്കുകളിലേക്കുള്ള പ്രധാന പൈപ്പ് ലൈനിന് ഉപയോഗിക്കുന്നത് 500 എം.എം വ്യാസമുള്ള ഡി.ഐ പൈപ്പാണ്. ഇതാണ് ഇന്നലെ തകർന്നത്. വിതരണ ശൃംഖലയ്ക്ക് 110 എം.എം വ്യാസമുള്ള പി.വി.സി പൈപ്പാണ് ഉപയോഗിക്കുന്നത്.