oda
കാവുംഭാഗത്തെ വില്ലേജ് ഓഫിസിന് സമീപത്ത് ഓട വളച്ച് നിർമ്മിച്ചിരിക്കുന്നു

തിരുവല്ല: സംസ്ഥാനപാതയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ വില്ലേജ് ഓഫീസ് വഴിമുടക്കിയാകുമോ എന്ന ആശങ്ക ഉയരുന്നു. തിരുവല്ല - പൊടിയാടി സംസ്ഥാന പാതയുടെ നിർമ്മാണം പുരോഗമിക്കുമ്പോഴാണ് കാവുംഭാഗം വില്ലേജ് ഓഫീസ് റോഡിന്റെ വികസനത്തിന് വിലങ്ങുതടിയാകുന്നത്. ഇരുവശങ്ങളിലും റോഡ് വികസിച്ചതോടെ വില്ലേജ് ഓഫീസ് റോഡിലേക്ക് തള്ളിനിൽക്കുന്ന സ്ഥിതിയാണ്. വില്ലേജ് ഓഫീസ് സംരക്ഷിക്കാനായി വളച്ചെടുത്താണ് ഇവിടെ ഓടയുടെ നിർമ്മാണം നടക്കുന്നത്. ഇരുവശങ്ങളിലെയും ഓടകൾ നിർമ്മിച്ച ലെവൽ നോക്കിയാൽ വില്ലേജ് ഓഫീസിന്റെ പിന്നിലൂടെയായിരുന്നു ഓട പണിയേണ്ടത്. എന്നാൽ വില്ലേജ് ഓഫീസിനെ വളഞ്ഞാണ് ഇപ്പോഴത്തെ ഓട നിർമ്മാണം. ഈ രീതിയിൽ റോഡ് നിർമ്മാണം പൂർത്തിയായായാൽ ഇരുവശങ്ങളിൽ നിന്നുമുള്ള വാഹനങ്ങൾക്ക് വില്ലേജ് ഓഫീസ് മറയാകും. റോഡ് നിർമ്മാണത്തിന് സ്ഥലം വിട്ടുകൊടുത്ത് മാതൃകയാകണമെന്ന് പറയുന്ന റവന്യു അധികൃതരാണ് സ്ഥലം വിട്ടുനൽകാതിരിക്കുന്നതെന്ന് നാട്ടുകാർ ആക്ഷേപിക്കുന്നു. വില്ലേജ് ഓഫീസിന് മുന്നിലെ മരം മുറിച്ച് നീക്കിയെങ്കിലും കെട്ടിടം ഒഴിവാക്കിയാണ് റോഡിലെ ഓട നിർമ്മിച്ചത്.പാലിയേക്കര മുതൽ താലൂക്ക് ആശുപത്രി വരെയുള്ള ഭാഗങ്ങളിൽ നിലവിലുണ്ടായിരുന്ന റോഡിന്റെ വീതി കുറഞ്ഞിട്ടുണ്ട്. ഈ ഭാഗങ്ങളിൽ ഇരുവശങ്ങളിലും നടപ്പാത നിർമ്മിച്ചതോടെയാണ് വാഹനങ്ങൾക്ക് കടന്നുപോകാനുള്ള വീതി കുറഞ്ഞത്.റോഡരുകിൽ പാർക്കിംഗും ദുഷ്ക്കരമാകും.

റോഡ് നിർമ്മാണ പദ്ധതിയിൽ സ്ഥലം ഏറ്റെടുക്കൽ ഇല്ലായിരുന്നു.പുതിയ വില്ലേജ് ഓഫീസ്‌ നിർമ്മിക്കാൻ സ്ഥലമില്ലാത്ത സാഹചര്യത്തിൽ പ്രദേശവാസികളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ശ്രമിച്ചത്.

(പൊതുമരാമത്ത് അധികൃതർ)​