d

പത്തനംതിട്ട: തെരുവുനായകൾ പെരുകിവരുന്ന സാഹചര്യത്തിൽ വന്ധ്യംകരണം തടയാൻ മൃഗസംരക്ഷണ വകുപ്പ് രംഗത്ത്. നേരത്തെ കുടുംബശ്രീ നടത്തിയിരുന്ന വന്ധ്യംകരണ പ്രവർത്തനങ്ങളെപ്പറ്റി പരാതിയുയർന്ന സാഹചര്യത്തിൽ ഹൈക്കോടതി ഇടപെട്ട് പദ്ധതി നിറുത്തിവയ്പ്പിച്ചിരുന്നു. തെരുവുനായകൾ വർദ്ധിച്ച് ആളുകൾക്ക് കടിയേൽക്കുന്ന സംഭവങ്ങൾ കൂടിവരുന്നതോടെയാണ് പദ്ധതി മൃഗസംരക്ഷണ വകുപ്പ് ഏറ്റെടുക്കുന്നത്.

തെരുവുനായകളുടെ പ്രജനനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് ആനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം (എ.ബി.സി) ആവിഷ്കരിച്ചത്.

പരിശീലനം നേടിയിട്ടില്ലാത്ത കുടുംബശ്രീ പ്രവർത്തകർ നായ്ക്കൾക്ക് വന്ധ്യംകരണം നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തുവരികയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.ഇതേ തുടർന്ന് മൃഗസ്‌നേഹികൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നടപടികൾ നിറുത്തിവയ്പിച്ചത്. മൃഗസംരക്ഷണവകുപ്പിലെ വെറ്ററിനറി ഡോക്ടർമാർ ചെയ്യേണ്ട ജോലി പരിശീലനമില്ലാത്തവർ നടത്തിയതിലൂടെ നായ്ക്കൾക്ക് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടായി. മുറിവുകൾ വേണ്ട രീതിയിൽ തുന്നിക്കെട്ടാത്തതിനാലും ശസ്ത്രക്രിയയിലെ പിഴവുംമൂലം നായ്ക്കളുടെ കുടൽമാല പുറത്തായ സംഭവങ്ങളുണ്ട്. ഇത്തരം നായ്ക്കളെ മുറിവ് ഉണങ്ങാത്ത രീതിയിൽ തെരുവുകളിലേക്ക് വീണ്ടും കൊണ്ടുചെന്നുവിട്ടതും പ്രശ്‌നമായി. ഇതേത്തുടർന്ന് പദ്ധതി നിറുത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായി. തെരുവ് നായകൾ പെരുകുകയും ചെയ്തു.

സംഘടനകളുടെ സഹായംതേടും


തെരുവുനായകളുടെ എണ്ണം ജില്ലയൊട്ടാകെ കൂടിവരുന്ന സാഹചര്യത്തിൽ എ.ബി.സി പദ്ധതി പുനരാരംഭിക്കാനുള്ള നിർദേശം ജില്ലാ ഭരണകൂടം നൽകിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളാണ് പദ്ധതി ഏറ്റെടുക്കേണ്ടത്. പദ്ധതി നടത്തിപ്പിൽ മൃഗസംരക്ഷണവകുപ്പ് തന്നെ നിർവഹണ ഏജൻസിയായി തുടരണമെന്ന നിർദേശമാണുള്ളത്. ഇതോടൊപ്പം മൃഗസ്‌നേഹികളുടെ സംഘടനകൾ, എസ്.പി.സി എന്നിവയുടെ സഹകരണവും തേടണം. തെരുവുനായ്ക്കളെ കണ്ടെത്തുന്നതിന് സാമൂഹിക സംഘടനകളുടെയടക്കം സഹകരണം ഉറപ്പാക്കാനും പദ്ധതികൾ ആവിഷ്‌കരിക്കും. നായ്ക്കളെ വന്ധ്യംകരണം നടത്തുന്നത് വിദഗ്ദ്ധ പരിശീലനം ലഭിച്ചവർ മാത്രമായിരിക്കണം. പദ്ധതി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്നു.